'സ്ക്വാഡ്' അംഗങ്ങൾ വീണ്ടും യു.എസ് കോൺഗ്രസിൽ
text_fieldsവാഷിങ്ടൺ: 'ദ സ്ക്വാഡ്' എന്ന പേരിലറിയപ്പെടുന്ന നാൽവർ സംഘം യു.എസ് കോൺഗ്രസിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അലക്സാൻഡ്രിയ ഒക്കാസ്യോ കോർടസ് (ന്യൂയോർക്), ഇൽഹാൻ ഉമർ (മിനിസോട), അയന്ന പ്രെസ്ലി (മസാചുസറ്റ്സ്), റഷീദ തലൈബ് (മിഷിഗൻ) എന്നിവരാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നേതൃത്വത്തിെല വംശീയ, വലതുപക്ഷ അധിക്ഷേപങ്ങളെ അതിജീവിച്ച് വീണ്ടും വിജയം കൊയ്തത്.
31 വയസ്സുള്ള അലക്സാൻഡ്രിയ റിപ്പബ്ലിക്കൻ കക്ഷിയുടെ ജോൺ കമ്മിങ്സിനെയും 38കാരി ഇൽഹാൻ ട്രംപിെൻറ സ്വന്തം സ്ഥാനാർഥിയെന്ന് അറിയപ്പെട്ട കറുത്ത വംശജനായ ഐ.ടി എൻജിനീയർ ലെയ്സി ജോൺസണെയുമാണ് പരാജയപ്പെടുത്തിയത്. ഇവർക്കൊപ്പം മറ്റു രണ്ടുപേരും നല്ല ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
50 വയസ്സിന് താഴെ പ്രായമുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ ഇടതുപക്ഷ ആഭിമുഖ്യമുള്ള ഈ നാലുപ്രതിനിധികൾ 2018ലെ ജനപ്രതിനിധി സഭ തെരഞ്ഞെടുപ്പിലാണ് ആദ്യം ജയിച്ചത്. അന്നത്തെ വിജയശേഷം അലക്സാൻഡ്രിയ ആണ് 'സ്ക്വാഡ്' എന്ന പേര് ആദ്യം പ്രയോഗിച്ചത്. കാലാവസ്ഥ മാറ്റം, ആരോഗ്യപരിരക്ഷ, ഫലസ്തീൻ പ്രശ്നം, അഭയാർഥികളുടെ ദുരിതം, മിനിമം വേതനം തുടങ്ങി വിവധ വിഷയങ്ങളിൽ ഇവർ സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമായി.
അലക്സാൻഡ്രിയ പ്യൂർടോറിക്കക്കാരായ തൊഴിലാളികളുടെ മകളാണ്. നേരത്തേ ബാറിലായിരുന്നു ജോലി. റഷീദ കോൺഗ്രസിലെത്തിയ ആദ്യ ഫലസ്തീൻ-അമേരിക്കൻ വനിതയാണ്. ഇൽഹാൻ കോൺഗ്രസ് ചരിത്രത്തിലെ ആദ്യ സൊമാലി-അമേരിക്കനാണ്. കോൺഗ്രസിലെ രണ്ടേ രണ്ട് മുസ്ലിം വനിതകളാണ് റഷീദയും ഇൽഹാനും.
അയന്ന ബോസ്റ്റൺ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ കറുത്ത വംശജയായ വനിതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.