റഷ്യയിലെ വിൽപന നിർത്തിവെച്ച് ആപ്പിൾ; ഉപരോധങ്ങൾ ഏറുന്നു
text_fieldsയുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ റഷ്യയിലെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിർത്തിവെച്ചതായി അമേരിക്കൻ ടെക്നോളജി കമ്പനി ആപ്പിൾ അറിയിച്ചു. 'ഞങ്ങൾ റഷ്യയിലെ എല്ലാ ഉൽപ്പന്ന വിൽപ്പനയും താൽക്കാലികമായി നിർത്തി. കഴിഞ്ഞ ആഴ്ച, രാജ്യത്തെ ഞങ്ങളുടെ സെയിൽസ് ചാനലിലേക്കുള്ള എല്ലാ കയറ്റുമതിയും ഞങ്ങൾ നിർത്തി' -ആപ്പിൾ പ്രസ്താവനയിൽ അറിയിച്ചു. കൂടാതെ റഷ്യയിലെ ആപ്പിൾ പേയും മറ്റ് സേവനങ്ങളും കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നു.
'യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ ഞങ്ങൾ വളരെയധികം ഉത്കണഠാകുലരാണ്. അക്രമത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങളോടും ഒപ്പം നിലകൊള്ളുന്നതായും കമ്പനി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. 'ഞങ്ങൾ അഭയാർത്ഥി പ്രതിസന്ധിക്ക് സഹായം നൽകാനും ഈ മേഖലയിലെ ഞങ്ങളുടെ ടീമുകളെ പിന്തുണക്കാനും കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. അധിനിവേശത്തിനെതിരെ ഞങ്ങൾ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും' ആപ്പിൾ വ്യക്തമാക്കി. 'യുക്രേനിയൻ പൗരന്മാർക്കുള്ള സുരക്ഷാ മുൻകരുതൽ നടപടിയായി ഞങ്ങൾ യുക്രെയ്നിലെ അപ്പിൾ മാപ്പിൽ ട്രാഫിക്കും ലൈവ് സംഭവങ്ങളും പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. ഞങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുന്നത് തുടരുകയാണ്. ലോകമെമ്പാടുമുള്ള സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന എല്ലാവരോടും ഞങ്ങൾ പങ്കുചേരുന്നതായും' ആപ്പിൾ അറിയിച്ചു.
റഷ്യയിൽ ആപ്പിളിന്റെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിതരണം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് യുക്രെയ്ൻ ഉപ പ്രധാനമന്ത്രി മൈഖൈലോ ഫെഡറോവ്. ആപ്പിൾ സി.ഇ.ഒ ടിം കുക്കിന് കത്ത് അയച്ചിരുന്നു. ആപ് സ്റ്റോറിലേക്കുള്ള പ്രവേശനം തടയണമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മന്ത്രി കൂടിയായ ഫെഡോറോവ് കുക്കിന് അയച്ച കത്തിന്റെ പകർപ്പ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
റഷ്യക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന യു.എസ് ഉപരോധത്തെ ആപ്പിൾ പിന്തുണക്കണമെന്നും ഫെഡോറോവ് പറഞ്ഞു. "യുക്രെയ്നെ സംരക്ഷിക്കാൻ നിങ്ങൾ സാധ്യമായതെല്ലാം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്," - ഫെഡോറോവ് കത്തിലെഴുതി. 2022ൽ റോക്കറ്റ് ലോഞ്ചറുകൾക്കും ടാങ്കുകൾക്കും മിസൈലുകൾക്കും ഏറ്റവും നല്ല മറുപടിയാണ് ആധുനിക സാങ്കേതികവിദ്യയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.