ട്രംപിനെ വധിക്കാൻ ഉപയോഗിച്ചത് എ.ആർ സ്റ്റൈൽ 5.56 മില്ലി മീറ്റർ റൈഫിൾ; യുവാവ് ഷൂട്ടിങ് ക്ലബ് അംഗം
text_fieldsമിൽവാകി (യു.എസ്): മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ പെൻസൽവേനിയയിൽ ശനിയാഴ്ച നടന്ന വധശ്രമത്തിനുപിന്നിൽ വെടിവെപ്പ് നടത്തിയ യുവാവിനല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വധശ്രമത്തിന്റെ കാരണം വ്യക്തമല്ലെന്നും എഫ്.ബി.ഐ എക്സി. അസി. ഡയറക്ടർ റോബർട്ട് വെൽസ് പറഞ്ഞു. വധശ്രമം നടത്തിയ 20കാരനായ തോമസ് മാത്യു ക്രൂക്സിനെ സുരക്ഷ സേന തത്സമയം വെടിവെച്ചുകൊന്നിരുന്നു. പ്രചാരണ യോഗത്തിനെത്തി തോമസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ട്രംപിന്റെ അനുയായി കോറി കോംപ്രടോർ ആണെന്ന് തിരിച്ചറിഞ്ഞു.
പ്രതി കൊല്ലപ്പെട്ടെങ്കിലും ആഭ്യന്തര ഭീകരവാദ കുറ്റം ചുമത്തി തീവ്രവാദ വിരുദ്ധ സേനയും ക്രിമിനൽ കുറ്റകൃത്യ വിഭാഗവും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. പ്രതിക്ക് മാനസികാരോഗ്യ പ്രശ്നമുള്ളതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് എഫ്.ബി.ഐ ഡയറക്ടർ ക്രിസ്റ്റഫർ റേ പറഞ്ഞു. സമൂഹമാധ്യമ അക്കൗണ്ടുകളടക്കം വിശദ പരിശോധനക്ക് വിധേയമാക്കിവരുകയാണ്.
അമേരിക്കൻ വിപണിയിൽ ലഭ്യമായ എ.ആർ സ്റ്റൈൽ 5.56 മില്ലി മീറ്റർ റൈഫിളാണ് പ്രതി ഉപയോഗിച്ചത്. ഇയാളുടെ വീട്ടിലും കാറിലും പൊലീസ് പരിശോധന നടത്തി. കാറിൽനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. രണ്ടുമാസം മുമ്പ് എൻജിനീയറിങ് സയൻസിൽ അസോസിയറ്റ് ഡിഗ്രി പഠനം പൂർത്തിയാക്കിയ യുവാവ് പിറ്റ്സ്ബർഗിലെ ഷൂട്ടിങ് ക്ലബ് അംഗമായിരുന്നു. റിപ്പബ്ലിക് പാർട്ടി അംഗമായി തോമസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
വെടിയുണ്ട കൊണ്ട് വലതു ചെവിയുടെ മുകൾഭാഗത്ത് പരിക്കേറ്റ ട്രംപ് ചികിത്സക്കുശേഷം ആശുപത്രി വിട്ടിരുന്നു. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായ അദ്ദേഹം പ്രചാരണ റാലിയിൽ പങ്കെടുക്കാൻ ഞായറാഴ്ച വൈകീട്ട് മിൽവാകിയിലെത്തി. വധശ്രമം ബൈഡൻ ഭരണകൂടത്തിനെതിരെ പ്രചാരണായുധമാക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹമെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവം നടന്നയുടൻ ട്രംപുമായി ബൈഡൻ ടെലിഫോണിൽ സംസാരിച്ചിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും സംവാദങ്ങളും ആകാമെങ്കിലും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് ബൈഡൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.