അറബ്-ചൈന ഉച്ചകോടി രാഷ്ട്രീയ ഇച്ഛാശക്തി പ്രതിഫലിപ്പിക്കും -അറബ് ലീഗ്
text_fieldsറിയാദ്: സഹകരണം, വികസനം എന്നിവ മുൻനിർത്തി റിയാദിൽ നടക്കുന്ന അറബ്-ചൈന ഉച്ചകോടി ബന്ധങ്ങൾക്ക് വലിയ ആക്കം കൂട്ടുകയും അറബ്, ചൈനീസ് പക്ഷങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ പ്രതിഫലിപ്പിക്കുകയും ചെയ്യുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗെയ്ത്. ഈ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിനായി ഉച്ചകോടികൾ ആവർത്തിക്കുകയും വേണം. ആഗോള സാമ്പത്തിക വ്യവസ്ഥയിൽ അറബ് മേഖലയുടെ മുൻതൂക്കം പ്രതിഫലിപ്പിക്കുന്ന ചരിത്രസംഭവമാണ് ഉച്ചകോടിയെന്ന് അദ്ദേഹം വിലയിരുത്തി. തുടർച്ചയായ ആഗോള പ്രതിസന്ധികൾക്കും ദീർഘകാല പ്രത്യാഘാതങ്ങൾക്കും സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തിന്റെ ആവശ്യകതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും പരിഹാരം തേടാനും ഉച്ചകോടി സഹായിക്കും.
അതിന് കൂടുതൽ ആശയവിനിമയങ്ങളും ആവശ്യമാണ്. ജനസമൂഹങ്ങൾക്കു മേലുള്ള പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും ഫലപ്രദമായ ബദൽ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സംയുക്ത പ്രവർത്തനത്തിന് ഉച്ചകോടി വഴിതെളിക്കുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ പ്രത്യാശിച്ചു. 'ചൈന അറബ് സ്റ്റേറ്റ്സ് ഫോറം'പുതിയ വഴിത്തിരിവുകൾക്ക് സഹായിച്ചിട്ടുണ്ടെന്നും ഇരുപക്ഷത്തിനും ഇപ്പോൾ വിവിധ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, മാധ്യമ, വികസന മേഖലകളിൽ 20ലധികം സഹകരണ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു കക്ഷികളും തമ്മിലുള്ള സാമ്പത്തിക ബന്ധം ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി.
ഫോറം സ്ഥാപിക്കുന്ന സമയത്ത് ചൈനയും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് ഏകദേശം 3,600 കോടി ഡോളറിൽ നിന്ന് 2021ൽ ഏകദേശം 33,000 കോടി ഡോളറായി ഉയർന്നു. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ അറബ് പക്ഷവും ചൈനയും അതിനെ നേരിടാനുള്ള സംയുക്ത ശ്രമങ്ങൾ നടത്തിയ കാര്യം അബുൽ ഗെയ്ത് അനുസ്മരിച്ചു.
അതിനിടെ, ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദർശന പശ്ചാത്തലത്തിൽ നടക്കുന്ന ഉച്ചകോടികളിൽ പങ്കെടുക്കാൻ രാഷ്ട്ര നേതാക്കൾ റിയാദിലെത്തിത്തുടങ്ങി. വ്യാഴാഴ്ച കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി, കുവൈത്ത് കിരീടാവകാശി ശൈഖ് മിശാൽ അഹ്മദ് അൽ-ജാബിർ എന്നിവരെ റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.