ഗസ്സ: ഇ.യു, അറബ് നേതൃതല യോഗം ബാഴ്സലോണയിൽ; പങ്കെടുക്കാതെ ഇസ്രായേൽ
text_fieldsബാഴ്സലോണ: ഗസ്സയിൽ വെടിനിർത്തൽ ദീർഘിപ്പിക്കാനും ശാശ്വത യുദ്ധവിരാമത്തിനും ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സ്പെയിനിൽ യൂറോപ്യൻ യൂനിയൻ, അറബ് രാജ്യങ്ങൾ എന്നിവയുടെ പ്രതിനിധികളുടെ യോഗം. യൂറോപ്പും അറബ് ലോകവും തമ്മിലെ സഹകരണത്തിനായി രൂപം നൽകിയ ഫോറം ഓഫ് ദി യൂനിയൻ ഫോർ ദി മെഡിറ്ററേനിയൻ പ്രതിനിധികളാണ് തിങ്കളാഴ്ച സ്പാനിഷ് നഗരമായ ബാഴ്സലോണയിൽ ഒത്തുചേർന്നത്.
ഫ്രാൻസ്, ജർമനി, ഇറ്റലി, ബെൽജിയം അടക്കം യൂറോപ്യൻ രാജ്യങ്ങളും ഈജിപ്ത്, തുർക്കി, തുനീഷ്യ, ലബനാൻ, മൊറോകോ തുടങ്ങി അറബ് രാജ്യങ്ങളും പ്രമുഖരെ അയച്ചിട്ടുണ്ട്. ഇസ്രായേൽ കൂടി അംഗമാണെങ്കിലും യോഗ അജണ്ട തങ്ങൾക്കെതിരായി മാറ്റിയെന്നും നെതന്യാഹു സർക്കാറിനെ കുരുക്കാനുള്ള കെണിയാകുമെന്നും ആരോപിച്ച് കഴിഞ്ഞദിവസം അവർ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിനെതിരെ യൂറോപ്പിൽ വികാരം ശക്തമാണെങ്കിലും ജർമനി വെടിനിർത്തൽ വേണ്ടെന്ന നിലപാടുകാരാണ്. താൽക്കാലിക ഇടവേള മാത്രം മതിയെന്നും ഹമാസിനെ ഇല്ലാതാക്കൽ അവർക്ക് അവകാശമുണ്ടെന്നും ജർമനി കരുതുന്നു. ഇത് മുൻനിർത്തി വെടിനിർത്തലിന് പൊതു പ്രഖ്യാപനം ഉണ്ടാകാൻ സാധ്യത വിരളമാണ്. എന്നാൽ, ദ്വിരാഷ്ട്ര പരിഹാരത്തിനായി രാജ്യാന്തര സമ്മേളനം വിളിക്കുകയെന്ന ആവശ്യത്തിൽ യോഗം ഏകകണ്ഠമായി തീരുമാനമെടുക്കുമെന്നാണ് സൂചന.
ഗസ്സയിലെ വെടിനിർത്തൽ ദീർഘിപ്പിക്കണമെന്ന് യോഗത്തിനെത്തിയ ഫലസ്തീൻ പ്രതിനിധി റിയാദ് അൽമാലികി ആവശ്യപ്പെട്ടു. ഇനിയും നിരപരാധികളെ കുരുതി നടത്തുന്നത് തുടരാതിരിക്കാൻ ഇസ്രായേലിനു മേൽ കടുത്ത സമ്മർദം ചെലുത്തണമെന്നും ഇല്ലാത്തപക്ഷം ഇനിയും മൃതദേഹങ്ങൾ എണ്ണുന്നത് തുടരേണ്ടിവരുമെന്നും അദ്ദേഹം തുടർന്നു.
ഗസ്സയിൽ യുദ്ധാനന്തരം ഭരണം എങ്ങനെയാകണമെന്ന് യോഗം ചർച്ചചെയ്തു. ഹമാസിനെ ഇല്ലാതാക്കുകയെന്ന അജണ്ട നടപ്പായാൽ തൽക്കാലം യു.എൻ ഏറ്റെടുക്കുകയും സമാധാനം തിരിച്ചുവന്നാൽ ഫലസ്തീൻ അതോറിറ്റിക്ക് കൈമാറുകയുമാകാമെന്നാണ് പൊതുവായ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.