ആർട്ടിക് സ്ഫോടനം; അമേരിക്കയിലും കാനഡയിലും ഭൂമി വിണ്ടുകീറി, ചിലയിടങ്ങളിൽ നേരിയ ഭൂകമ്പം
text_fieldsവാഷിങ്ടൺ: വടക്കുകിഴക്കൻ അമേരിക്കയിലും കാനഡയുടെ ചില ഭാഗങ്ങളിലും ആർട്ടിക് സ്ഫോടനം. ന്യൂ ഹാംഷെയറിലെ മൗണ്ട് വാഷിങ്ടൺ ഉൾപ്പെടെ പലയിടത്തും താപനില അപകടകരമായി താഴ്ന്നിട്ടുണ്ട്. ശക്തമായ തണുപ്പും കാറ്റും കാരണം മസാച്യുസെറ്റ്‌സിൽ കുഞ്ഞ് മരിച്ചു. ഭൂമി വിണ്ടുകീറുകയും മരങ്ങൾ കടപുഴകി വീഴുകയും പലയിടത്തും നേരിയ ഭൂകമ്പം അനുഭവപ്പെടുകയും ചെയ്തു.
അതിശൈത്യത്തെ പ്രതിരോധിക്കാൻ പല നഗരങ്ങളും അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. കാലാവസ്ഥ പെട്ടെന്ന് മാറുന്നതിനാൽ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സുരക്ഷിതമായി നിർത്താനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
അതിശൈത്യവും മഞ്ഞുവീഴ്ചയും ആശങ്കകൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ ബോസ്റ്റണിലെയും വോർസെസ്റ്ററിലെയും സ്കൂളുകൾ വെള്ളിയാഴ്ച അടച്ചു. ബോസ്റ്റണിലെ മേയർ മിഷേൽ വു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നഗരത്തിലെ 650,000ത്തിലധികം നിവാസികളെ പാർപ്പിക്കാൻ കേന്ദ്രങ്ങൾ സജ്ജമാക്കുകയും ചെയ്തു. ഞായറാഴ്ച വരെയാണ് അടിയന്തരാവസ്ഥ.
നഗരത്തിലെ പ്രധാന റെയിൽ ടെർമിനലായ സൗത്ത് സ്റ്റേഷൻ അടിയന്തര അഭയകേന്ദ്രമായി പ്രവർത്തിക്കാൻ മസാച്യുസെറ്റ്‌സ് ഗവർണർ മൗറ ഹീലി ഉത്തരവിട്ടു. 60ഓളം ഭവനരഹിതരാണ് സ്റ്റേഷനിൽ താമസിച്ചത്.
ഞായറാഴ്ച താപനില ഗണ്യമായി ഉയരുമെന്ന് കാലാവസ്ഥ പ്രവചകർ അറിയിച്ചു. പല സ്കീ ഏരിയകളും പ്രവർത്തനം പരിമിതപ്പെടുത്തി. കനേഡിയൻ അതിർത്തിക്കടുത്തുള്ള വടക്കൻ വെർമോണ്ടിലെ സ്കീ പർവതമായ ജെയ് പീക്ക് അപകടസാധ്യത ചൂണ്ടിക്കാട്ടി വെള്ളി, ശനി ദിവസങ്ങളിൽ പൂർണ്ണമായും അടച്ചിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.