യുക്രെയ്ൻ യുദ്ധ രഹസ്യങ്ങൾ ചോർന്നോ?
text_fieldsകിയവ്: റഷ്യക്കെതിരായ യുക്രെയ്നിന്റെ യുദ്ധരഹസ്യങ്ങൾ ചോർന്നതായി സംശയം. ആയുധ വിന്യാസത്തിന്റെയും സൈനിക പരിശീലനത്തിന്റെയും യുദ്ധതന്ത്രങ്ങളുടെയും വിവരങ്ങൾ ട്വിറ്റർ, ടെലഗ്രാം ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ആയുധ വിതരണത്തിന്റെ ചാർട്ടുകൾ, ബറ്റാലിയനുകളുടെ ശേഷി, പ്രതിരോധതന്ത്രങ്ങൾ തുടങ്ങി സുപ്രധാന രേഖകളാണ് ചോർന്നതായി കരുതുന്നത്.
യു.എസിന്റെയും നാറ്റോയുടെയും സഹായപദ്ധതികളും പരിശീലന ഷെഡ്യൂളുകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അതീവ രഹസ്യമായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ശരിയായ വിവരങ്ങളും ഇതിൽ ഉൾക്കൊള്ളുന്നതായും ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, തെറ്റായ വിവരം പ്രചരിപ്പിക്കുന്ന റഷ്യയുടെ കാമ്പയിനിന്റെ ഭാഗമായി പടച്ചുണ്ടാക്കിയ രേഖകളാണ് പ്രചരിക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് വക്താവ് പറഞ്ഞു.
അഞ്ചാഴ്ച മുമ്പത്തെ സർക്കുലറുകളാണ് സമൂഹമാധ്യമത്തിലുള്ളത്. വിഷയം പഠിക്കുകയാണെന്ന് യു.എസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രിന സിങ് പറഞ്ഞു. യഥാർഥത്തിൽ ചോർന്ന വിവരങ്ങളിൽ റഷ്യ കൃത്രിമത്വം നടത്തി പ്രചരിപ്പിക്കുന്നതായാണ് യുദ്ധവിദഗ്ധർ പറയുന്നത്. യുക്രെയ്നിന്റെ നഷ്ടങ്ങൾ പെരുപ്പിച്ച് കാട്ടിയതും റഷ്യയുടെ ആൾനാശം ലഘൂകരിച്ചതുമാണ് ഇതിന് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.