പുടിൻ വിമർശകൻ നാവൽനിയെ അറസ്റ്റ് ചെയ്ത് റഷ്യ
text_fields
മോസ്കോ: റഷ്യൻ പ്രസിഡൻറ് വ്ലാഡ്മിർ പുടിനെ വിമർശിച്ചതിന് ചായയിൽ വിഷംകലർത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിൽ ഗുരുതരാവസ്ഥയിലായ അലക്സി നാവൽനി മാസങ്ങൾ നീണ്ട വിദേശ ചികിത്സക്കൊടുവിൽ നാട്ടിലെത്തിയപ്പോൾ പിടിയിൽ. ജർമനിയിൽ നിന്ന് റഷ്യയിലേക്ക് മടങ്ങിയെത്തിയ ഉടൻ മോസകോയിൽനിന്നാണ് 44 കാരനെ റഷ്യൻ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോസ്കോയിൽ ഷെറിമെറ്റിയേവോ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പാസ്പോർട്ട് നിയന്ത്രണ വിഭാഗത്തിലെ പൊലീസുകാർ അറസ്റ്റ് രേഖപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. മോസ്കോയിലെ മറ്റൊരു വിമാനത്താവളത്തിൽ ഇറങ്ങാനായിരുന്നു നാവൽനി ടിക്കറ്റെടുത്തത്. വരവേൽക്കാൻ അവിടെ കാത്തിരുന്ന ആയിരക്കണക്കിന് പേരെ നിരാശരാക്കി വിമാനം വഴിതിരിച്ചുവിട്ടായിരുന്നു നടപടി.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ സൈബീരിയയിൽ ആഭ്യന്തര യാത്രയുടെ ഭാഗമായി വിമാനത്തിലായിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ നാവൽനിയെ വിദഗ്ധ ചികിത്സക്കായി ജർമനിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിഷം കഴിച്ചാണ് കോമയിലായതെന്നും വധശ്രമമായിരുന്നുവെന്നും ആരോപണമുയർന്നു. മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ ആരോഗ്യം തിരിച്ചുകിട്ടിയതോടെ നാട്ടിൽ തിരിച്ചെത്താൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമെന്ന് സൂചനകളുണ്ടായിട്ടും വകവെക്കാതെ പോബിഡ എയർലൈൻസ് വിമാനത്തിൽ യാത്ര പുറപ്പെട്ടു.
ബി.ബി.സി ലേഖകനുൾപെടെ നിരവധി മാധ്യമ പ്രവർത്തകർക്കൊപ്പമായിരുന്നു യാത്ര. എന്നാൽ, ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ വിമാനം സാങ്കേതിക കാരണങ്ങളാൽ വിനുകോവോ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു പകരം വഴി തിരിച്ചുവിടുകയാണെന്ന് പൈലറ്റ് അറിയിച്ചു.
ഷെറിമെറ്റിയേവോ വിമാനത്താവളത്തിൽ ഇറങ്ങിയ നാവൽനി 'എല്ലാം ശരിയെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഒന്നിനെയും ഭയക്കുന്നില്ലെന്നും' പ്രഖ്യാപിച്ചു. അതുകഴിഞ്ഞ് നീങ്ങുന്നതിനിടെ രഹസ്യമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയം പത്നി യൂലിയയും കൂടെയുണ്ടായിരുന്നു. യൂലിയക്കോ അഭിഭാഷകനോ നാവൽനിയെ അനുഗമിക്കാൻ അനുമതി നൽകിയില്ല.
മോസ്കോ പൊലീസ് സ്റ്റേഷനിലാണ് നാവൽനി ഇപ്പോഴുള്ളത്. പ്രതിപക്ഷ നേതാവ് നാവൽനി എത്തുന്നത് പരിഗണിച്ച് മോസ്കോയിൽ പൊലീസ് സുരക്ഷ ഇരട്ടിയാക്കിയിരുന്നു. നിരവധി സന്നദ്ധ പ്രവർത്തകരെയും അനുബന്ധമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രൊബേഷൻ കാലാവധിയിലെ നിയമ ലംഘനങ്ങൾക്ക് പൊലീസ് അന്വേഷിച്ചുവരികയായിരുന്നും അറസ്റ്റ് അതിെൻറ പേരിലായിരുന്നുവെന്നും അധികൃതർ വാർത്ത കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.