പ്ലാസ്റ്റിക് സർജറിയെ തുടർന്ന് അർജന്റീനിയൻ നടി സിൽവിന ലൂണ അന്തരിച്ചു
text_fieldsഅർജന്റീനിയൻ നടിയും മോഡലും ടിവി അവതാരകയുമായ സിൽവിന ലൂണ (43) പ്ലാസ്റ്റിക് സർജറിയെ തുടർന്നുണ്ടായ സങ്കീർണതകളെ തുടർന്ന് മരിച്ചു.
2011ലാണ് സൗന്ദര്യം വർദ്ധിപ്പിക്കാനായി നടി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ, ശസ്ത്രക്രിയയ്ക്കു പിന്നാലെ വൃക്കയ്ക്കു തകരാർ സംഭവിക്കുകയായിരുന്നു. തുടർന്ന് വർഷങ്ങളായി ചികിത്സയിൽ തുടർന്നുവരികയായിരുന്നു സിൽവിന ലൂണ.
ബുധനാഴ്ചയോടെ ആരോഗ്യനില മോശമായി നടിയെ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നതിനിടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനെ തുടർന്ന് സഹോദരൻ ഇസ്‌ക്വയേൽ ലൂണ വെന്റിലേറ്ററിൽനിന്നു മാറ്റാൻ ഡോക്ടർമാർക്ക് അനുമതി നൽകുകയായിരുന്നു. ഇതിനു പിന്നാലെയാണു മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അനിബൽ ലോടോക്കി എന്ന കോസ്മറ്റിക് സർജനാണ് നടിയുടെയും ചികിത്സയ്ക്കു നേതൃത്വം നൽകിയത്. 2015ൽ അസ്വസ്തതകളെ തുടർന്നു ചികിത്സ തേടിയപ്പോഴാണ് കോസ്മറ്റിക് സർജറിയുടെ പ്രത്യാഘാതങ്ങൾ കണ്ടെത്തിയത്. അർജന്റീന ഡ്രഗ്സ് ആന്‍ഡ് മെഡിക്കല്‍ ടെക്നോളജി അഡ്മിനിസ്ട്രേഷന്‍ നിരോധിച്ച പോളിമീഥൈൽ മെത്തക്രൈലേറ്റ് അടങ്ങുന്ന ദ്രാവകം നടിയുടെ ശരീരത്തിൽ പ്രയോഗിച്ചതായാണു വിവരം.
വാഹനങ്ങളിലെ ഗ്ലാസുകളിലടക്കം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുവാണിത്. നടി ഉൾപ്പെടെ നാലു സ്ത്രീകൾ നൽകിയ പരാതിയിൽ സർജൻ അനിബൽ ലോട്ടോക്കിയെ നാലു വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.