ആരിഫ് കാൻ -ഭൂകമ്പ ഭൂമിയിലെ പ്രതീക്ഷയുടെ പേര്
text_fieldsഅങ്കാറ: ദക്ഷിണ-കിഴക്കൻ തുർക്കിയെയും വടക്കൻ സിറിയയെയും തരിപ്പണമാക്കിയ 7.8 തീവ്രതയുള്ള ഭൂകമ്പം നടന്ന് രണ്ടു ദിവസം പിന്നിട്ടപ്പോൾ പുറത്തുവരുന്നത് അദ്ഭുതകരമായ അതിജീവനത്തിന്റെ കഥകളും. പ്രഭവകേന്ദ്രത്തിനടുത്തുള്ള കഹ്റമൻമറാസിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന മൂന്നുവയസ്സുകാരനെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. ആരിഫ് കാൻ എന്നാണ് കുട്ടിയുടെ പേര്.
കുട്ടിയുടെ അരക്കുതാഴെ കോൺക്രീറ്റ് സ്ലാബിനും കമ്പികൾക്കുമിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കടുത്ത തണുപ്പായതിനാൽ, ജീവനോടെ കണ്ടെത്തിയപ്പോൾതന്നെ രക്ഷാപ്രവർത്തകർ കുട്ടിയുള്ള പുറത്തുള്ള ശരീരഭാഗം ബ്ലാങ്കറ്റിൽ പൊതിഞ്ഞു. തുടർന്ന് ഏറെ ശ്രദ്ധയോടെ കോൺക്രീറ്റ് മുറിച്ചു തുടങ്ങി. അശ്രദ്ധമായ ഏതുനീക്കവും കോൺക്രീറ്റ് പൊട്ടിവീഴാൻ കാരണമാകുമെന്നതിനാൽ ഏറെ പണിപ്പെട്ടാണ് ദൗത്യം മുന്നോട്ടുനീങ്ങിയത്. കുട്ടിയുടെ പിതാവിനെ നേരത്തേ രക്ഷപ്പെടുത്തിയതാണ്. കുട്ടിയെ ആംബുലൻസിലേക്ക് കയറ്റുമ്പോൾ പിതാവ് സന്തോഷംകൊണ്ട് വിതുമ്പുന്നുണ്ടായിരുന്നു.
രക്ഷാദൗത്യം വിജയകരമായതോടെ കഹ്റമൻമറാസിലെ പ്രതീക്ഷയുടെ പേരാണ് ആരിഫ് കാൻ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചു. ഏതാനും മണിക്കൂറുകൾക്കുശേഷം അദിയാമൻ എന്ന സ്ഥലത്തുനിന്ന് പത്തു വയസ്സുകാരിയെയും ഇതുപോലെ രക്ഷപ്പെടുത്തി.
മരംകോച്ചുന്ന തണുപ്പും തുടർചലനങ്ങളും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇന്ത്യയുൾപ്പെടെ രണ്ടു ഡസനിലധികം രാജ്യങ്ങളുടെ സഹായ-രക്ഷാ സംഘങ്ങൾ മേഖലയിൽ സജീവമാണ്. സിറിയയിൽ ഏറെ നാളായി തുടരുന്ന സംഘർഷത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. പലയിടത്തും കോൺക്രീറ്റ് കൂമ്പാരങ്ങൾക്കുള്ളിൽനിന്നുള്ള നിലവിളികൾ എന്നന്നേക്കുമായി നിലച്ചുവെന്നാണ് വിവരം. ആയിരങ്ങൾ സഹായത്തിനായി കാത്തുനിൽക്കുകയാണ്.
തിങ്കളാഴ്ച വടക്കു പടിഞ്ഞാറൻ സിറിയൻ നഗരമായ ജിന്ദായിരിസിൽ രക്ഷാപ്രവർത്തകർ, മരിച്ച അമ്മയുടെ സമീപത്ത് പൊക്കിൾകൊടി വിടാെത കരഞ്ഞുകിടക്കുന്ന കുഞ്ഞിനെ കണ്ടെത്തിയിരുന്നു. ദുരന്തം തുടച്ചുനീക്കിയ കുടുംബത്തിൽ ഈ കുഞ്ഞുമാത്രമാണ് ബാക്കിയായത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 23 ദശലക്ഷം പേരെയെങ്കിലും ദുരന്തം ബാധിക്കും. ‘പലവിധ പ്രതിസന്ധികൾക്കുമേലുള്ള പ്രതിസന്ധി’യെന്നാണ് ലോകാരോഗ്യ സംഘടന ഭൂകമ്പത്തെ വിശേഷിപ്പിച്ചത്. ‘പട്ടിണിയും ഭൂകമ്പവുമല്ല, ഇപ്പോൾ തണുപ്പാണ് ഞങ്ങളുടെ ജീവനെടുക്കാൻ നിൽക്കുന്നതെന്ന്’ ഒരാൾ വാർത്ത ഏജൻസിയോട് പറഞ്ഞു.‘ടെന്റോ ചൂടാക്കാനുള്ള അടുപ്പോ ഇല്ല. കുട്ടികളൊക്കെ മഴയും മഞ്ഞും കൊണ്ടു നിൽക്കുകയാണെന്നും’ ഇദ്ദേഹം ആശങ്കയോടെ പറഞ്ഞു.
തുർക്കിയയിൽ ഇതിനകം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 10 പ്രവിശ്യകളിലായി രാജ്യത്തെ 13 ദശലക്ഷം പേരെ ഭൂകമ്പം ബാധിച്ചെന്ന് പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ 8,000ത്തിലധികം പേരെ ഇവിടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 3,80,000പേരെ സർക്കാർ അഭയകേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മാറ്റി. രാജ്യത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 11000 ആണ്.
സിറിയയിലെ വിമത നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ മേഖലയിലേക്ക് അവശ്യവസ്തുക്കളും സഹായവുമെത്തിക്കാൻ എല്ലാ സാധ്യതകളും പരിഗണിക്കുന്നതായി യു.എൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.