അർമീനിയ-അസർബൈജാൻ കരാറായി; സംഘർഷത്തിന് അറുതി
text_fieldsയെരവാൻ (അർമീനിയ): നഗാർണോ-കരാബക് മേഖലയെ ചൊല്ലി അർമീനിയയും അസർബൈജാനും തമ്മിലെ സംഘർഷത്തിന് അന്ത്യം കുറിച്ച് ഇരു രാജ്യങ്ങളും ഒത്തുതീർപ്പിലെത്തി. ചൊവ്വാഴ്ച റഷ്യയുടെ കാർമികത്വത്തിൽ നടന്ന സന്ധിയുടെ ഭാഗമായി, മേഖലയിൽ രണ്ടായിരത്തോളം റഷ്യൻ സമാധാന സേനയെ നിയോഗിക്കാനും ധാരണയായി. പ്രധാന നഗരമായ സിഷിയുടെ നിയന്ത്രണം ലഭിച്ചതിലൂടെ കരാറിൽ അസർബൈജാനാണ് നേട്ടമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, ശത്രുരാജ്യത്തിനു മുന്നിൽ കീഴടങ്ങിയെന്ന് ആരോപിച്ച് അർമീനിയൻ തലസ്ഥാനമായ യെരവാനിൽ പ്രതിഷേധക്കാർ ഭരണസിരാകേന്ദ്രം വളഞ്ഞു.
അസർബൈജാെൻറ കീഴിൽനിന്ന് അർമീനിയ കൈവശപ്പെടുത്തിയ നഗാർണോ-കരാബക്കിനെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി സംഘർഷത്തിലായിരുന്നു. ഇതിെൻറ തുടർച്ചയായി, കഴിഞ്ഞ സെപ്റ്റംബർ മുതൽ വീണ്ടും സംഘർഷം മൂർച്ഛിച്ചിരുന്നു. അർമീനിയൻ വംശജർക്ക് ഭൂരിപക്ഷമുള്ള നഗാർണോ-കരാബക്കിനെ അർമീനിയയോട് കൂട്ടിച്ചേർക്കണമെന്നായിരുന്നു മേഖലയിലെ വിമതസംഘങ്ങളുടെ ആവശ്യം. ഇവർക്ക് അർമീനിയൻ പിന്തുണയുണ്ട്.
സ്വന്തം സൈന്യത്തിെൻറ നിർബന്ധപ്രകാരം ഇഷ്ടമില്ലാത്ത കരാറിൽ ഒപ്പുവെക്കാൻ നിർബന്ധിതനായി എന്ന് കുറ്റസമ്മതം നടത്തിക്കൊണ്ട്, അർമീനിയൻ പ്രധാനമന്ത്രി നികോൾ പഷ്നിയൻ ഫേസ്ബുക്ക് കുറിപ്പ് പുറത്തിറക്കിയതിനു പിന്നാലെയാണ് ജനങ്ങൾ പ്രധാനമന്ത്രിയുടെ വസതി വളഞ്ഞത്.
അതേസമയം, കരാർ വിജയമാണെന്ന് പ്രഖ്യാപിച്ച് അസർബൈജാൻ തലസ്ഥാനമായ ബാകുവിൽ ഭരണകക്ഷി അനുകൂലികൾ ആഹ്ലാദപ്രകടനം നടത്തി. ഇതൊരു ചരിത്രപരമായ മുഹൂർത്തമാണെന്ന് അസർബൈജാൻ പ്രസിഡൻറ് ഇൽഹാം അലിയേവ് പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.