ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് അർമേനിയയും
text_fieldsയെരേവാൻ: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് അർമേനിയയും. ഇതോടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന 149ാമത്തെ രാജ്യമായി അർമേനിയ മാറി. വെള്ളിയാഴ്ചയാണ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചുള്ള അർമേനിയയുടെ പ്രസ്താവന പുറത്ത് വന്നത്. വിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.
അന്താരാഷ്ട്ര രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഇപ്പോൾ ഫലസ്തീനിൽ സംഘർഷങ്ങൾ നടക്കുന്നതെന്ന് അർമേനിയ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സിവിലയൻമാർക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ അർമേനിയ അംഗീകരിക്കുന്നില്ല. ബന്ദികളെ നിരുപാധികം വിട്ടയക്കാൻ ലോകരാജ്യങ്ങൾ ആഹ്വാനം ചെയ്യണമെന്നും അർമേനിയ പറയുന്നുണ്ട്.
ഫലസ്തീൻ പ്രശ്നത്തിന് ശാശ്വതവും സമാധനപരവുമായ പരിഹാരം വേണമെന്ന് നിരവധി വേദികളിൽ അർമേനിയ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളോടും സമത്വം, പരമാധികാരം, വിവിധ വിഭാഗം ജനങ്ങൾ പരസ്പരസഹകരണത്തോടെ കഴിയൽ തുടങ്ങിയ ആശയങ്ങളോടുമുള്ള പ്രതിബദ്ധത മുൻനിർത്തി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്ന് അർമേനിയ അറിയിച്ചു.
ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിന് ദ്വിരാഷ്ട്രമാണ് ഏറ്റവും നല്ല പോംവഴിയെന്ന അർമേനിയ വ്യക്തമാക്കി. സ്ലോവേനിയ, സ്പെയിൻ, നോർവേ, അയർലാൻഡ് തുടങ്ങിയ രാജ്യങ്ങളെല്ലാം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു. ഗസ്സയിൽ വെടിനിർത്തലിന് ഈ രാജ്യങ്ങൾ ഇസ്രായേലിന് മേൽ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.