കാപിറ്റൽ ഹിൽ ആക്രമണത്തെ നാസി ജർമ്മനിയുമായി ഉപമിച്ച് അർനോൾഡ്
text_fieldsവാഷിങ്ടൺ: യു.എസ് കാപിറ്റൽ ഹിൽ ആക്രമണത്തെ നാസി ജർമ്മനിയുമായി താരതമ്യം ചെയ്ത് നടനും കാലിഫോർണിയ മുൻ ഗവർണറുമായ അർനോൾഡ് ഷ്വാർസ്നെഗർ. സംഭവം പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ അട്ടിമറി ശ്രമമായിരുന്നെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം വിശേഷിപ്പിച്ചു.
1938ൽ ജൂതരുടെ കൈവശമുണ്ടായ കടകളുടെ ചില്ലുകൾ തകർത്ത 'ഡേ ഓഫ് ബ്രോക്കൺ ഗ്ലാസ്' സംഭവത്തിനു സമാനമായതാണ് ബുധനാഴ്ച യു.എസിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
തകർന്ന ചില്ലുകൾ യുനൈറ്റഡ് സ്റ്റേറ്റ്സ് കാപ്പിറ്റലിൻെറ ജാലകങ്ങളിലായിരുന്നു. പ്രസിഡൻറ് ട്രംപ് ന്യായമായ തിരഞ്ഞെടുപ്പിൻെറ ഫലങ്ങൾ അസാധുവാക്കാൻ ശ്രമിച്ചു. ആളുകളെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അദ്ദേഹം അട്ടിമറിക്ക് ശ്രമം നടത്തി -ഷ്വാർസ്നെഗർ പറഞ്ഞു.
പ്രസിഡൻറ് ട്രംപ് പരാജയപ്പെട്ട നേതാവാണ്. ചരിത്രത്തിലെ എക്കാലത്തെയും മോശം പ്രസിഡൻറായാണ് അദ്ദേഹം സ്ഥാനമൊഴിയുക. പഴയ ട്വീറ്റ് പോലെ അദ്ദേഹം അപ്രസക്തനാകും എന്നതാണ് നല്ല കാര്യം.
പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ബൈഡൻ, ഞങ്ങളുടെ പ്രസിഡൻറായി നിങ്ങൾക്ക് മികച്ച വിജയം നേരുന്നു. നിങ്ങൾ വിജയിച്ചാൽ നമ്മുടെ രാജ്യവും വിജയിച്ചു. അമേരിക്കൻ ഭരണഘടന അസാധുവാക്കാമെന്ന് കരുതുന്നവർ അറിയുക: നിങ്ങൾ ഒരിക്കലും വിജയിക്കില്ല -ഷ്വാർസ്നെഗർ വീഡിയോയിൽ പറഞ്ഞു.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി സമ്മേളിച്ച ഇരുസഭകളുടെയും സംയുക്ത യോഗത്തിലേക്ക് ആയിരക്കണക്കിന് സായുധ അക്രമികൾ സുരക്ഷാസംഘത്തെ മറികടന്ന് പാർലമെന്റിന്റെ വാതിലുകൾ തകർത്ത് ഇരച്ചു കയറുകയായിരുന്നു. ഇതോടെ യോഗം നിർത്തിവെച്ച് അംഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സ്പീക്കറുടെ ചേംബറിലുൾപ്പെടെ കയറിപ്പറ്റിയ അനുയായികൾ ട്രംപിന്റെ വിജയം ഘോഷിച്ച് മുദ്രാവാക്യങ്ങളുയർത്തി. നാലു മണിക്കൂറോളം പണിപ്പെട്ടാണ് പൊലീസിന് അക്രമികളെ മന്ദിരത്തിനുള്ളിൽ നിന്ന് ഒഴിപ്പിക്കാനായത്. സംഭവത്തിലും പിന്നീടുണ്ടായ അക്രമ സംഭവങ്ങളിലുമായി രണ്ട് സ്ത്രീകളടക്കം അഞ്ചു പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.