വെറും ടെഡി ബിയറുകളല്ലിത്, ഗസ്സയിൽ പിടഞ്ഞൊടുങ്ങിയ കുഞ്ഞുങ്ങളാണ്
text_fieldsദോഹ: നിരത്തിവെച്ച 15,000 ടെഡി ബിയറുകൾ വെറും പാവകളായിരുന്നില്ല. ഭൂമിക്കുമേൽ കളിച്ചും ചിരിച്ചും ജീവിച്ചിരുന്ന മനുഷ്യക്കുഞ്ഞുങ്ങളായിരുന്നു. ഗസ്സയിലെ ഇസ്രായേൽ നരമേധത്തിൽ കൊല്ലപ്പെട്ട അത്രയും കുട്ടികളുടെ പ്രതിനിധികൾ ആയിരുന്നു അവയോരോന്നും. ആ കുഞ്ഞുങ്ങൾ വെറും അക്കങ്ങളല്ലെന്ന് ലോകത്തെ കാണിക്കുകയാണെന്ന് ഖത്തറിൽ ഇതൊരുക്കിയ ലബനീസ്-സിറിയൻ കലാകാരനായ ബാഷിർ മൊഹമ്മദ് പറയുന്നു. ഗുണപരമായ സ്വാധീനം രൂപപ്പെടുത്തുന്നതിലൂടെ കലയെ എങ്ങനെ അനുകമ്പാപൂരിതമാക്കാമെന്നുകൂടിയാണ് ഈ 41കാരൻ കാണിക്കുന്നത്.
ഏഴു കിലോ തൂക്കം വരുന്ന കോൺക്രീറ്റ് കട്ടക്കു മുകളിൽ ഓരോ ടെഡി ബിയറിനെ സ്ഥാപിച്ചാണ് ഇദ്ദേഹം ഇൻസ്റ്റലേഷൻ ഒരുക്കിയത്. ഗസ്സയിലെ ഓരോ കുഞ്ഞിന്റെയും തലയിൽ പതിച്ച കോൺക്രീറ്റ് കഷ്ണങ്ങളെ അനുസ്മരിപ്പിക്കാനാണിത്.
ഫലസ്തീൻ പ്രശ്നം മാനവികതയുടെ പ്രശ്നമാണെന്നു പറയുന്ന മൊഹമ്മദ് തന്റെ ഈ നിർമിതി വിറ്റഴിച്ച് കിട്ടുന്ന പണം ഗസ്സയിലേക്ക് സംഭാവനയായി നൽകാനാണ് ഉദ്ദേശിക്കുന്നത്. ഒരു കലാകാരനെന്ന നിലയിൽ ഇത്രയെങ്കിലും താൻ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. ഖത്തർ ചാരിറ്റി വഴി ഇതിൽനിന്ന് കിട്ടുന്ന തുക കൈമാറും.
ഖത്തറിൽ ഉടനീളമുള്ള സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഈ ഇൻസ്റ്റലേഷൻ ഇപ്പോൾ. അവരിൽ അവിടെയുള്ള ഫലസ്തീനികളുമുണ്ട്. ഈ കാഴ്ച തന്റെ കണ്ണുകളെ നിറച്ചുവെന്ന് ഒരു യുവതി പറയുന്നു. ഗസ്സയിലെ കുട്ടികളുടെ ജീവിതം പഴയപോലെ ആവണമെന്നും അവർ പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ ഇതുവരെ കൊലപ്പെടുത്തിയ കുട്ടികളുടെ എണ്ണം 16,400ലേറെ വരുമെന്നാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.