ഫലസ്തീൻ അനുകൂല നിലപാടിന്‍റെ പേരിൽ എഡിറ്ററെ പുറത്താക്കി; ‘ആർട്ട് ഫോറം’ മാഗസിനെതിരേ ബഹിഷ്കരണാഹ്വാനം
text_fieldsപ്രശസ്ത അമേരിക്കൻ കലാമാസികയായ ആർട്ട്ഫോറമിനെതിരേ ബഹിഷ്കരണാഹ്വാനം. ഫലസ്തീൻ അനുകൂല നിലപാടിന്‍റെ പേരിൽ എഡിറ്ററെ പുറത്താക്കിയതിനെ തുടർന്നാണ് നിരവധി കലാകാരന്മാരും മാധ്യമപ്രവർത്തകരും ആർട്ട് ഫോറമിനെതിരേ തിരിഞ്ഞത്. പരസ്യദാതാക്കളിൽ നിന്നുള്ള സമ്മർദ്ദം കാരണമാണ് എഡിറ്ററെ മാസിക പുറത്താക്കിയതെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് ആർട്ട് ഫോറം എഡിറ്റർ ഡേവിഡ് വെലാസ്കോയെ പുറത്താക്കിയത്. ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ചുകൊണ്ട് തുറന്ന കത്ത് മാസികയിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു എഡിറ്ററുടെ പുറത്താക്കൽ. കത്തിൽ വെലാസ്കോയും ഒപ്പുവച്ചിരുന്നു.
ആറ് വർഷമായി ആർട്ട് ഫോറത്തിന്‍റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്നു ഡേവിഡ് വെലാസ്കോ. വെലാസ്കോക്ക് പിന്തുണ അറിയിച്ചുകൊണ്ട് ആർട്ട് ഫോറത്തിലെ ഒരു എഡിറ്റർ രാജിവച്ചിട്ടും ഉണ്ട്. 2018 മുതൽ അസോസിയേറ്റ് എഡിറ്ററായിരുന്ന കേറ്റ് സട്ടൺ ആണ് രാജിവച്ചത്. വെലാസ്കോയെ തിരിച്ചെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. നിക്കോൾ ഐസൻമാൻ, നാൻ ഗോൾഡിൻ എന്നിവർ വെലാസ്കോയെ പിരിച്ചുവിട്ടതിന് മാസികയുടെ ഉടമകളെ വിമർശിക്കുകയും ഇനി ആർട്ട്ഫോറത്തിൽ പ്രവർത്തിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രശസ്തനായ ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ് നാൻ ഗോൾഡിൻ. ഫലസ്തീൻ വിമോചനത്തിനും വെടിനിർത്തലിനും വേണ്ടി ആഹ്വാനം ചെയ്യുന്ന തുറന്ന കത്തിൽ ഇവരും ഒപ്പിട്ടിരുന്നു. ‘ഇതിലും കൂടുതൽ മോശമായ കാലഘട്ടത്തിലൂടെ ഞാൻ ജീവിച്ചിട്ടില്ല. ആളുകളെ കരിമ്പട്ടികയിൽ പെടുത്തുകയാണ്. ആളുകൾക്ക് അവരുടെ ജോലി നഷ്ടപ്പെടുന്നു’-ഗോൾഡിൻ പറഞ്ഞു.
വെലാസ്‌കോയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് 50ഓളം ആർട്ട്‌ഫോറം ജീവനക്കാരും സഹകാരികളും മാനേജ്മെന്റിന് കത്ത് നൽകിയിട്ടുണ്ട്. ‘എഡിറ്ററുടെ പിരിച്ചുവിടൽ ആർട്ട്‌ഫോറത്തിന്റെ എഡിറ്റോറിയൽ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തുമെന്ന് ഭയപ്പെടുത്തുന്നതായും, ഒന്നിലധികം വീക്ഷണങ്ങൾക്കും സാംസ്‌കാരിക സംവാദങ്ങൾക്കും പിന്തുണ നൽകുന്ന മാസികയുടെ ദൗത്യത്തെ നിരാകരിക്കുന്നു’ എന്നും കത്തിൽ പറഞ്ഞു.
ഒക്ടോബർ 19ന് ആർട്ട് ഫോറത്തിൽ കത്ത് പ്രസിദ്ധീകരിച്ചതിനുശേഷം അമേരിക്കൻ കലാലോകത്ത് വലിയചേരിതിരിവാണുണ്ടാത്. കത്തിൽ ഒപ്പിട്ട വെലാസ്കോ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും അപലപിച്ചുകൊണ്ട് വലിയ തരത്തിലുള്ള പ്രചാരണം നടക്കുകയുണ്ടായി. ഓഹിയോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ വെക്‌സ്‌നർ സെന്റർ ഫോർ ആർട്‌സിനോട് തുറന്ന കത്തിൽ ഒപ്പിട്ട ഫലസ്തീനിയൻ കലാകാരിയായ ജുമാന മന്നയുടെ പ്രദർശനം അടച്ചുപൂട്ടാൻ നിരവധി കളക്ടർമാർ ആവശ്യപ്പെട്ടു. എന്നാൽ മന്നയുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നത് തുടരുമെന്ന് മ്യൂസിയം വക്താവ് അറിയിച്ചിട്ടുണ്ട്. പ്രദർശനം ഇപ്പോഴും നടക്കുന്നുണ്ടെന്നും അവർ സ്ഥിരീകരിച്ചു.
പരസ്യദാതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് ആർട്ട്ഫോറം വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു. ‘ആർട്ട്ഫോറത്തിന്റെ എഡിറ്റോറിയൽ പ്രക്രിയയുമായി കത്ത് പൊരുത്തപ്പെടുന്നില്ല’ എന്നാണ് വിശദീകരത്തിൽ പറഞ്ഞത്. ‘വളരെ സെൻസിറ്റീവും സങ്കീർണ്ണവുമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് മാഗസിനിൽ വന്ന പ്രസ്താവന വ്യാപകമായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’ എന്നും ഉടമകൾ വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.