ശിഥിലമോ ഭരണമാറ്റമോ?
text_fieldsഡമസ്കസ്: സിറിയയിൽ അഞ്ചു പതിറ്റാണ്ട് നീണ്ട അസദ് യുഗത്തിന് അന്ത്യമായപ്പോഴും, രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ അവസാനിക്കുന്നില്ല. ഒരു വശത്ത്, ബശ്ശാറുൽ അസദിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന പ്രധാനമന്ത്രി ഗാസി ജലാലിയുടെ നേതൃത്വത്തിൽ ഭരണമാറ്റം സംബന്ധിച്ച നീക്കങ്ങൾ പുരോഗമിക്കുന്നു. മറുവശത്ത്, എച്ച്.ടി.എസിനു പുറമെ, മറ്റു സായുധ വിമതസംഘങ്ങളും ‘സൈനിക മുന്നേറ്റ’ങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. തുർക്കിയയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന സിറിയൻ നാഷനൽ ആർമി എന്ന സായുധ സംഘം വടക്കൻ സിറിയയിലെ മംബിജ് പട്ടണം പിടിച്ചെടുത്തു.
നിലവിൽ സിറിയ വിവിധ ഗ്രൂപ്പുകളുടെ നിയന്ത്രണത്താൽ ശിഥിലമാക്കപ്പെട്ടിരിക്കുന്നെന്ന് പറയാം. വടക്കൻ സിറിയയിൽ, തുർക്കിയയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ ആ രാജ്യത്തിന്റെ പിന്തുണയോടെ വിമത സൈന്യം പ്രവർത്തിക്കുന്നുണ്ട്. റഖ, അൽ ഹസാക്ക, ദൈയ്റു സൗർ എന്നീ പ്രവിശ്യകളിൽ വലിയൊരു ഭാഗവും കുർദ് അനുകൂല വിമതരുടെ നിയന്ത്രണത്തിലാണ്. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് എന്നാണ് ഈ സംഘം അറിയപ്പെടുന്നത്. സിറിയൻ നാഷനൽ ആർമിയും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും നേരിട്ട് ഏറ്റുമുട്ടിയ സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. ഈ പ്രവിശ്യകളിലെ ചില ഭാഗങ്ങൾ ഐ.എസ് നിയന്ത്രണത്തിലുമാണ്. ഇവിടം ലക്ഷ്യമിട്ടാണ് അമേരിക്കയുടെ വ്യോമാക്രമണം. അലെപ്പോ, ഇദ്ലിബ്, ഹമാ, ഹൂംസ്, ഡമസ്കസ്, ദേര എന്നീ മേഖലകളാണ് ഹൈഅത് തഹ്റീർ അശ്ശാം (എച്ച്.ടി.എസ്) സൈനിക മുന്നേറ്റത്തിലൂടെ അസദ് സേനയിൽനിന്ന് പിടിച്ചെടുത്തിരിക്കുന്നത്. ലബനാനുമായി അതിർത്തി പങ്കിടുന്ന താർത്തൂസ് പ്രവിശ്യ ഇപ്പോഴും ബശ്ശാർ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ചുരുക്കത്തിൽ, ബശ്ശാറുൽ അസദ് മോസ്കോയിലേക്ക് രക്ഷപ്പെടുമ്പോൾ സിറിയ അക്ഷരാർഥത്തിൽതന്നെ പല കഷണങ്ങളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സുതാര്യമായ ഭരണമാറ്റം എത്രകണ്ട് പ്രായോഗികമാണ് എന്നാണ് പലരും ചോദിക്കുന്നത്.
ഭരണം തുടരുന്നെന്ന് പ്രധാനമന്ത്രി
ഡമസ്കസ്: പ്രതിപക്ഷ സഖ്യം ഡമസ്കസ് പിടിക്കുകയും പ്രസിഡന്റ് ബശ്ശാറുൽ അസദിനെ അധികാരഭ്രഷ്ടനാക്കുകയും ചെയ്തെങ്കിലും തന്റെ മന്ത്രിസഭയിലെ മിക്ക അംഗങ്ങളും ഇപ്പോഴും ഓഫിസുകളിൽ സജീവമാണെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽജലാലി. ജനം ആശങ്കയിലാകുകയും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠ ശക്തമാകുകയും ചെയ്ത സാഹചര്യത്തിൽ പൊതുസ്ഥാപനങ്ങളും ഓഫിസുകളും നിലനിർത്തൽ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
താൻ രാജ്യം വിടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബശ്ശാറുൽ അസദിന്റെ 24 വർഷം നീണ്ട ഭരണം അവസാനിപ്പിച്ച് ഹൈഅത് തഹ്രീറുശ്ശാം (എച്ച്.ടി.എസ്) അധികാരം പിടിച്ചെങ്കിലും പുതിയ സർക്കാർ പദവിയേൽക്കുംവരെ പ്രധാനമന്ത്രി ജലാലി താൽക്കാലിക ചുമതലയിൽ തുടരുമെന്നാണ് വ്യവസ്ഥ. സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും കൈയേറരുതെന്ന് എച്ച്.ടി.എസ് മേധാവി അബൂമുഹമ്മദ് ജൂലാനി ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, 13 വർഷം നീണ്ട ആഭ്യന്തര യുദ്ധം അഭയാർഥികളാക്കിയ ലക്ഷങ്ങൾ സിറിയയിലേക്ക് മടക്കയാത്ര ആരംഭിച്ചു. തുർക്കിയിൽ മാത്രം 30 ലക്ഷം സിറിയൻ അഭയാർഥികളാണ് കഴിയുന്നത്. ലബനാൻ, ജോർഡൻ, ഇറാഖ്, ഈജിപ്ത്, ജർമനി തുടങ്ങിയ രാജ്യങ്ങളിലും ലക്ഷങ്ങൾ കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.