'1945ലെ പോലെ ഇത്തവണയും വിജയം നമുക്കൊപ്പം'; യുക്രെയ്ൻ യുദ്ധം ചൂണ്ടിക്കാട്ടി വ്ലാദിമിർ പുടിൻ
text_fieldsമോസ്കോ: 1945ൽ രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയെ പരാജയപ്പെടുത്തിയതിന്‍റെ 77-ാം വാർഷികത്തിൽ മുൻ സോവിയറ്റ് രാജ്യങ്ങളെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. 1945ലെ പോലെ ഇത്തവണയും വിജയം നമ്മുടെതായിരിക്കുമെന്ന് പുടിൻ അവകാശപ്പെട്ടു.
'നമ്മുടെ സൈനികർ നാസി മാനില്യത്തിൽ നിന്നും അവരുടെ ജന്മദേശത്തെ മോചിപ്പിക്കാനുള്ള പോരാട്ടത്തിലാണ്. 1945ലെ പോലെ തന്നെ ഇത്തവണയും വിജയം നമ്മുടെതായിരിക്കും'- പുടിൻ പറഞ്ഞു.
ലോകത്താകെ ദുരിതങ്ങൾ സമ്മാനിച്ച നാസിസത്തിന്‍റെ പുനർജന്മം തടയേണ്ടത് നമ്മുടെ കടമയാണെന്ന് പുടിൻ ചൂണ്ടിക്കാട്ടി. നിർഭാഗ്യവശാൽ നാസിസം ഒരിക്കൽ കൂടി തല ഉയർത്തിയിരിക്കുകയാണ്. യുക്രെയ്ൻ ഇന്ന് ഫാസിസത്തിന്‍റെ പിടിയിലാണെന്നും ഇത് റഷ്യൻ ഭാഷ സംസാരിക്കുന്ന കിഴക്കൻ യുക്രെയ്നിലെ റഷ്യൻ പൗരൻമാർക്ക് ഭീഷണിയാണെന്നും പുടിൻ ആരോപിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ടവരുടെ പിൻഗാമികളുടെ പ്രത്യയശാസ്ത്രത്തെ തടഞ്ഞു നിർത്തുക എന്നതാണ് തങ്ങളുടെ കടമ. റഷ്യ ഇതിനെ ദേശസ്നേഹത്തിന് വേണ്ടിയുള്ള യുദ്ധമായാണ് കാണുന്നത്. എല്ലാ യുക്രെയ്ൻ പൗരൻമാർക്കും സമാധാനപരമായ ഭാവി ആശംസിക്കുന്നുവെന്നും പുടിൻ കൂട്ടിച്ചേർത്തു.
നാസിപ്പടക്കെതിരെ 1945ൽ നേടിയ വിജയത്തെ ഇന്ന് നടക്കുന്ന കൂറ്റൻ റാലിയിൽ റഷ്യൻ ഭരണകൂടം ഔദ്യോഗികമായി അനുസ്മരിക്കും. യുക്രെയ്നെ സൈനികമുക്തമാക്കാനും നാസിവത്കരണത്തിൽ നിന്ന് മോചിപ്പിക്കാനുമുള്ള പ്രത്യേക സൈനിക നടപടിയുടെ പേരിലാണ് ഫെബ്രുവരി 24ന് റഷ്യ യുക്രെയ്നെതിരായ യുദ്ധം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.