ഫലസ്തീനി ജനതക്കു മേലുള്ള അധിനിവേശത്തിൽനിന്ന് ഇസ്രായേൽ പിന്മാറണം -ക്രിസ്ത്യൻ മതനേതാക്കൾ
text_fieldsജറൂസലം: ജറൂസലമിലും ഗസ്സയിലും ഇസ്രായേൽ തുടരുന്ന അധിനിവേശത്തിൽ നടുക്കമറിയിച്ച് പശ്ചിമേഷ്യയിലെ ക്രിസ്ത്യൻ മതനേതാക്കളും സംഘടനകളും. ഇസ്രായേൽ അടിയന്തരമായി ആക്രമണം അവസാനിപ്പിച്ച് മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
''അധിനിവിഷ്ട ഫലസ്തീനിൽ ഓരോ ദിവസവും കൂടുതൽ രൂക്ഷമാകുന്ന ആക്രമണങ്ങൾ നീണ്ട ഏഴു പതിറ്റാണ്ടായി ആ മണ്ണിൽ തുടരുന്ന അടിച്ചമർത്തലിന്‍റെയും സമ്മർദങ്ങളുടെയും അനിവാര്യ ഫലം മാത്രമാണ്''- മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ചർച്ചസ് പുറത്തിറക്കിയ വാർത്താകുറിപ്പ് പറയുന്നു. ''ഫലസ്തീനി ജനതക്കു മേലുള്ള അധിനിവേശത്തിൽനിന്ന് പിൻവലിയലും സ്വാതന്ത്ര്യവും മാന്യതയും പൂർണ അവകാശങ്ങളും വകവെച്ചുനൽകലുമാണ് മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള മാർഗം. ഹിംസ ഹിംസയും െവറുപ്പ് കൂടുതൽ വെറുപ്പും തീവ്രവാദം കൂടുതൽ തീവ്രവാദവും മാത്രമേ ഉൽപാദിപ്പിക്കു. അവകാശ നിഷേധങ്ങൾ വിപ്ലവങ്ങളുണ്ടാക്കും. നാശകാരിയായ ഈ സംഭവ പരമ്പര ഒഴിവാക്കാൻ ഓരോരുത്തർക്കും അവരുടെ അവകാശങ്ങൾ നൽകിയും അടിച്ചമർത്തപ്പെട്ടവന്‍റെ അവകാശങ്ങളെ അംഗീകരിച്ചും മാത്രമേ സാധിക്കൂ''- പ്രസ്താവന തുടരുന്നു.
കിഴക്കൻ ജറൂസലമിലെ ആക്രമണങ്ങൾ ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് ജറൂസലമിലെ സഭാനേതൃത്വം കഴിഞ്ഞ ദിവസം പ്രസ്താവനയിൽ അറിയിച്ചു. ''അൽ അഖ്സ മസ്ജിദിലും ശൈഖ് ജർറാഹിലുമുൾപെടെ നടക്കുന്ന ആശങ്കാജനകമായ സംഭവങ്ങൾ സമാധാന നഗരമായ ജറൂസലമിന്‍റെയും നഗരത്തിലെ ജനങ്ങളുടെയും പവിത്രതയെ കളങ്കപ്പെടുത്തുന്നതാണ്. വിശുദ്ധ നഗരമായ ജറൂസലമിന്‍റെ തത്സ്ഥിതി നിലനിർത്തുകയാണ് എല്ലാ വിഭാഗങ്ങളും വേണ്ടത്. തീവ്ര വലതുപക്ഷ വിഭാഗങ്ങളുടെ പിന്തുണയോടെ മൂർഛിക്കുന്ന സംഘർഷം ജറൂസലമിനു ചുറ്റുമുള്ള നിർമല യാഥാർഥ്യങ്ങളെ അപകടപ്പെടുത്തും''- പ്രസ്താവന കൂട്ടിച്ചേർത്തു.
അതേ സമയം, ''ശൈഖ് ജർറാഹിൽ ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കൽ ഒരിക്കലും അംഗീകരിക്കാനാവാത്ത മനുഷ്യാവകാശ ലംഘനമാണെ''ന്ന് ജറൂസലമിലെ ലാറ്റിൻ പാട്രിയാർക്കേറ്റ് വ്യക്തമാക്കി. ''ആരാധനക്കെത്തിയവർക്കു നേരെയുള്ള ആക്രമണം വിശുദ്ധ സ്ഥലങ്ങളിൽ സ്വൈരമായി ആരാധന നിർവഹിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമാണ് ഹനിച്ചത്. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ മൂന്നു മതങ്ങളുടെയും വിശുദ്ധ നഗരമാണിത്. നിലവിലെ രാജ്യാന്തര ചട്ടങ്ങളും യു.എൻ പ്രമേയങ്ങളും പ്രകാരം ഫലസ്തീനികളായ ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും സ്വാതന്ത്ര്യത്തിലും സമത്വത്തിലും സമാധാനത്തിലുമധിഷ്ഠിതമായ ഭാവി രൂപപ്പെടുത്താൻ അവകാശമുണ്ട്''- പ്രസ്താവന പറയുന്നു.
ജറൂസലമിലും ഫലസ്തീനി ജനതക്കുനേരെയുമുള്ള ആക്രമണങ്ങളെ ലബനാൻ മാറോനൈറ്റ് പാട്രിയാർക് ആയ കർദിനാൾ ബെച്ചാര റായ് അപലപിച്ചു.
റമദാനിലും അതുകഴിഞ്ഞ് പെരുന്നാൾ ദിനത്തിലുമുൾപെടെ കിഴക്കൻ ജറൂസലമിലും ഗസ്സയിലും ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ലോക സമൂഹം ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടും ആക്രമണം അവസാനിപ്പിച്ചില്ലെന്നു മാത്രമല്ല, കൂടുതൽ കടുപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.