ഇസ്രായേൽ ഏറ്റുമുട്ടലിനിടെ റഷ്യയുമായി പ്രതിരോധബന്ധം ശക്തമാക്കി ഇറാൻ
text_fieldsലണ്ടൻ: ഇസ്രായേലുമായുള്ള ഏറ്റുമുട്ടലിനിടെ ഇറാനും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണ ബന്ധം ശക്തമാക്കിയതായി റിപ്പോർട്ട്. റഷ്യയുടെ നിരവധി മിസൈൽ സാങ്കേതിക വിദഗ്ധർ പലതവണ ഇറാൻ സന്ദർശിച്ചതായി റോയിട്ടേർസ് റിപ്പോർട്ട് ചെയ്തു. വിമാനയാത്ര രേഖകൾ പരിശോധിച്ച് ഇറാൻ, യു.എസ് രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ചാണ് ഇതു സംബന്ധിച്ച് വാർത്ത തയാറാക്കിയിരിക്കുന്നത്.
ഏപ്രിലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തുകയും ഒക്ടോബറിൽ ഇസ്രായേൽ തിരിച്ചടിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റഷ്യൻ സാങ്കേതിക വിദഗ്ധരുടെ സന്ദർശനം. റഷ്യയുടെ ഏഴ് മിസൈൽ വിദഗ്ധർ മോസ്കോയിൽനിന്ന് തെഹ്റാനിലേക്ക് ഏപ്രിൽ 24 നും സെപ്റ്റംബർ 17നും യാത്ര ചെയ്തിരുന്നെന്ന് റോയിട്ടേർസ് റിപ്പോർട്ട് പറയുന്നു.
മുതിർന്ന സൈനിക ഉദ്യോഗസ്ഥരായ ഇവരിൽ രണ്ടുപേർ വ്യോമ പ്രതിരോധ മിസൈൽ വിദഗ്ധരും മൂന്നുപേർ പീരങ്കി, റോക്കറ്റ് സാങ്കേതികവിദ്യ വിദഗ്ധരുമാണ്. ഒരാൾ അതിനൂതന ആയുധ നിർമാണത്തിൽ പരിചയമുള്ളയാളും മറ്റൊരാൾ മിസൈൽ പരീക്ഷണ വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുമുണ്ട്. കഴിഞ്ഞവർഷം റഷ്യൻ വിദഗ്ധർ പലതവണ മിസൈൽ നിർമാണ കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നെന്ന കാര്യം ഇറാൻ പ്രതിരോധ മന്ത്രാലയത്തിലെ രഹസ്യ വൃത്തങ്ങൾ സമ്മതിച്ചതായി റോയിട്ടേർസ് പറഞ്ഞു. ഇവർ സന്ദർശിച്ചവയിൽ രണ്ടെണ്ണം ഭൂഗർഭ മിസൈൽ നിർമാണ കേന്ദ്രങ്ങളാണ്. റഷ്യ-ഇറാൻ പ്രതിരോധ സഹകരണം നിരീക്ഷിക്കുന്ന യു.എസ് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.