ഉത്തര കൊറിയൻ പ്രഖ്യാപനങ്ങൾക്ക് 'പിങ്ക് വനിത' തന്നെ വേണം VIDEO
text_fieldsഉത്തര കൊറിയൻ ഭരണകൂടം വർഷങ്ങളായി തുടരുന്ന ഒരു കീഴ്വഴക്കമുണ്ട്. ഭരണകൂടത്തിന്‍റെ സുപ്രധാന പ്രഖ്യാപനങ്ങളും തീരുമാനങ്ങളും സർക്കാർ നിയന്ത്രിത ടെലിവിഷനിലൂടെ കൊറിയൻ ജനങ്ങളെ അറിയിക്കുന്നത് റി ചുൻ ഹി എന്ന വനിത വാർത്താ അവതാരികയാണ്. കിം ജോങ് ഉൻ ഉത്തര കൊറിയന്‍ ഭരണാധികാരി ആയപ്പോഴും സുപ്രധാന പ്രഖ്യാപനങ്ങളെ കുറിച്ചുള്ള വാർത്തകൾ റി ചുൻ അവതരിപ്പിക്കുന്നതിൽ അധികൃതർ മാറ്റം വരുത്തിയിരുന്നില്ല.
വൻ വിജയമായിരുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷണ വാർത്ത പുറത്തുവിടാൻ ജോലിയിൽ നിന്ന് വിവരമിച്ച റി ചുൻ ഹിയെ ചൊവ്വാഴ്ച ടെലിവിഷൻ സ്റ്റുഡിയോയിലേക്ക് അധികൃതർ വിളിച്ചു വരുത്തിയിരുന്നു. മികച്ച രീതിയിൽ തന്നെ അവർ വാർത്ത ലോകത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ, വിരമിച്ച അവതാരകയെ വാർത്താ അവതരണത്തിനായി വീണ്ടും വിളിച്ചു വരുത്തിയെന്ന വാർത്തയാണ് രാജ്യാന്തര മാധ്യമങ്ങളിൽ ഇപ്പോൾ ഇടംപിടിച്ചത്.
വാർത്ത വായിക്കുമ്പോൾ പിങ്കും കറുപ്പും നിറങ്ങൾ ചേർന്ന പരമ്പരാഗത കൊറിയൻ വസ്ത്രം ധരിക്കുന്നതിനാൽ റി ചുൻ ഹി 'പിങ്ക് ലേഡി/പിങ്ക് വനിത' എന്നാണ് രാജ്യത്ത് അറിയപ്പെടുന്നത്. വടക്കൻ കൊറിയയുടെ സ്ഥാപകനായ കിം ഇൽ സുങ്, മകൻ കിം ജോങ് ഇൽ എന്നിവരുടെ മരണവാർത്ത ടെലിവിഷനിലൂടെ രാജ്യത്തെ അറിയിച്ചപ്പോൾ റി ചുൻ ഹി കരഞ്ഞതും മുമ്പ് വാർത്തയായിരുന്നു.
ടോങ്ചോങ്ങിലെ ഒരു സാധാരണ കുടുംബത്തിലാണ് റി ചുൻ ഹി ജനിച്ചത്. പ്യോങ്യാങ് യൂനിവേഴ്സിറ്റി ഒാഫ് തീയറ്ററിൽ നിന്ന് പെർഫോമൻസ് ആർട്ട് പഠനം പൂർത്തിയാക്കിയ റി ചുൻ ഹി ആദ്യം നടിയായിരുന്നു. പിന്നീടാണ് വാർത്താ അവതാരികയായി മാറുന്നത്. സർക്കാർ നിയന്ത്രിത ടെലിവിഷൻ ചാനൽ സ്ഥാപിതമായ 1971ലാണ് റി ചുൻ ആദ്യമായി വാർത്ത അവതരിപ്പിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് റിൻചു ജോലിയിൽ നിന്ന് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.