കാബൂളിൽ താലിബാൻ ചാവേറാക്രമണം; 14 മരണം
text_fieldsകാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ചാവേറാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 145 പേർക്ക് പരിക്കുണ്ട്. പടിഞ്ഞാറൻ കാബൂളിലെ പൊലീസ് സ്റ്റേഷനു മുന്നിലെ ചെക്ക്പോയൻറിലാണ് ചാവേറെത്തിയ വാഹനം പൊട്ടിത്തെറിച്ചതെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ വക്താവ് നസ്റത്ത് റഹീമി പറഞ്ഞു. ബുധനാഴ്ച രാവിലെ ഒമ്പതിനാണ് സംഭവമെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രി ജനറൽ ഖോഷൽ സാദത്ത് അറിയിച്ചു. ആക്രമണത്തിെൻറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.
ആക്രമണത്തെ തുടർന്ന് പ്രദേശമാകെ കനത്ത പുകയിൽ മൂടി. ‘‘വലിയൊരു പൊട്ടിത്തെറിയാണ് കേട്ടത്. ജനലുകൾ തകർന്ന് ചില്ലുകളെല്ലാം ചിതറിത്തെറിച്ചു’’ എന്ന് ദൃക്സാക്ഷിയായ സമീപത്തെ കച്ചവടക്കാരൻ അഹ്മദ് സാലിഹ് എ.എഫ്.പി വാർത്ത ഏജൻസിയോട് പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്തിന് ഒരു കീലോമീറ്റർ ചുറ്റളവിലുള്ള 20 കടകർ തകർന്നതായും ഇദ്ദേഹം പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് ചെറിയതോതിൽ വെടിവെപ്പ് ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
സെപ്റ്റംബറിൽ നടക്കുന്ന അഫ്ഗാൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന താലിബാെൻറ ആഹ്വാനം വന്നതിെൻറ പിറ്റേന്നാണ് ചാവേറാക്രമണം. ദിനേനയെന്നോണം ആക്രമണം നടത്തുന്ന താലിബാൻ, പ്രധാനമായും അഫ്ഗാൻ സേന, ഉദ്യോഗസ്ഥർ, സർക്കാറിനോട് കൂറുപുലർത്തുന്നവർ എന്നിവരെയാണ് ലക്ഷ്യമിടാറ്. ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയത്തിെൻറ ലഹരി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാനിൽ സമധാനം പുനഃസ്ഥാപിക്കാനും യു.എസ് സേന പിന്മാറ്റത്തിനും ലക്ഷ്യമിട്ടുള്ള എട്ടാം വട്ട യു.എസ്-താലിബാൻ സമാധാന ചർച്ച ഈയാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്നിരുന്നു. ചർച്ചകൾ നടന്നെങ്കിലും ഏറ്റുമുട്ടലുകൾക്ക് ശമനമില്ല.
ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ജൂലൈയിൽ മാത്രം1500ലേറെ സാധാരണക്കാരനാണ് കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം മേയ് മുതലുള്ള കണക്കനുസരിച്ച് ഒരു മാസത്തെ ഏറ്റവും വലിയ അപകട നിരക്കാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.