ഐ.എസ് ഖിലാഫത് ഭരണ രേഖകള്‍ പുറത്ത്
text_fields
ബൈറൂത്: ഇറാഖിലും സിറിയയിലും ഖിലാഫത് സ്ഥാപിക്കുന്നതിനെക്കുറിച്ച് സൂചന നല്‍കുന്ന ഐ.എസിന്‍െറ രേഖകള്‍ പുറത്ത്. ഐ.എസിന് കീഴില്‍ ട്രഷറിയും സാമ്പത്തിക പദ്ധതികളും ഉള്‍ക്കൊള്ളുന്ന രേഖ ഗാര്‍ഡിയന്‍ ദിനപത്രമാണ് പുറത്തുവിട്ടത്. 2014 ജൂണില്‍ ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി ഇറാഖിലെയും സിറിയയിലെയും ചില മേഖലകളില്‍ ഖിലാഫത് പ്രഖ്യാപിച്ചതിനുശേഷം പുറത്തിറക്കിയതാണ് രേഖകള്‍. ഐ.എസിനു കീഴിലെ ഭരണവ്യവസ്ഥ എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് പരിശീലനം നല്‍കാനായി ഉണ്ടാക്കിയതാണിത്. വിദ്യാഭ്യാസം, പ്രകൃതിവിഭവങ്ങളുടെ വിനിയോഗം, വ്യവസായം, വിദേശകാര്യം, പബ്ളിക് റിലേഷന്‍സ്, സൈനിക താവളങ്ങള്‍ എന്നിവ നോക്കിനടത്തേണ്ടതെങ്ങനെയെന്ന് രേഖ അംഗങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട്.
24 പേജ് വരുന്ന അറബിയിലുള്ള രേഖയില്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, പ്രചാരണ പരിപാടികള്‍, എണ്ണ, പ്രകൃതിവാതകം, മറ്റു പ്രധാന സാമ്പത്തിക സ്രോതസ്സുകള്‍ എന്നിവക്കുമേലുള്ള നിയന്ത്രണം എന്നിവയെക്കുറിച്ചും സൂചിപ്പിക്കുന്നു. ഈജിപ്തുകാരനായ അബൂ അബ്ദുല്ലയാണ് മാന്വല്‍ തയാറാക്കിയത്. ഐ.എസില്‍ പ്രവര്‍ത്തിച്ച വ്യവസായി വഴിയാണ് രേഖ ചോര്‍ത്തിയത്. അക്കാദമിക് റിസര്‍ചറായ അയ്മന്‍ അല്‍ തമീമി ഈ രേഖകള്‍ ശേഖരിച്ചു. യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നതു സംബന്ധിച്ചും കുട്ടികളെ ഐ.എസിലേക്ക് വ്യാപകമായി റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ചും വിശദമായുണ്ട്.
സെപ്റ്റംബര്‍ 11ന് അല്‍ഖാഇദ തീവ്രവാദികള്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമിച്ചതിന് സമാനമായ ആക്രമണ മുറകളാണ് പരിശീലനത്തിന് തെരഞ്ഞെടുക്കേണ്ടത്. ആയുധനിര്‍മാണത്തിന് സ്വന്തമായി ഫാക്ടറി തുടങ്ങണം. വിദ്യാഭ്യാസത്തെയും സാങ്കേതിക വിദ്യയെയും എങ്ങനെ പ്രചാരണത്തിന് ഉപയോഗിക്കാമെന്നും രേഖകള്‍ പറയുന്നുണ്ട്. പാശ്ചാത്യര്‍ക്ക് പെട്ടെന്ന് നശിപ്പിക്കാന്‍ കഴിയാത്ത ശക്തിയാണ് ഐ.എസ് എന്ന് മുന്‍ നാറ്റോ സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ സ്റ്റാന്‍ലി മാക്ക്രിസ്റ്റല്‍ പറയുന്നു. കൃത്യമായ കണക്കുകൂട്ടലോടെ തന്നെയാണ് ഐ.എസിന്‍െറ പടയൊരുക്കമെന്ന് രേഖകള്‍ വ്യക്തമാക്കുന്നതായി ജോര്‍ജിയ യൂനിവേഴ്സിറ്റി സീനിയര്‍ റിസര്‍ചര്‍ ഷാര്‍ലി വിന്‍റര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.