അസദുമായി സമാധാന ചർച്ചക്ക് തയാറെന്ന് സിറിയൻ പ്രതിപക്ഷ പാർട്ടികൾ
text_fieldsറിയാദ്: ആഭ്യന്തര സംഘർഷം തുടരുന്ന സിറിയയിൽ അസദ് സർക്കാറുമായി സമാധാന ചർച്ചക്ക് തയാറാണെന്ന് പ്രതിപക്ഷ പാർട്ടികൾ. സൗദിയിലെ റിയാദിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെയും വിപ്ലവ പാർട്ടികളുെടയും സംയുക്ത യോഗത്തിന്‍റേതാണ് തീരുമാനം.
അസദ് അധികാരത്തിൽ നിന്ന് പുറത്ത് പോകണമെന്ന നിലപാടിൽ മാറ്റമില്ല. സമാധാന ചർച്ചയുമായി സഹകരിക്കും. ബഹുസ്വരതയുള്ള രാഷ്ട്രമാണ് ലക്ഷ്യമിടുന്നത്. അസദിന്‍റെ ഏകാധിപത്യം അനുവദിക്കില്ലെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അതിനിടെ, സമാധാന ചർച്ചയോട് വിയോജിപ്പ് പ്രകടിപ്പിച്ച് പ്രധാന പ്രതിപക്ഷ പാർട്ടിയായ അഹ്റാർ അൽ ഷാം റിയാദ് യോഗത്തിൽ നിന്ന് പിന്മാറി.
സമാധാന ചർച്ചക്കുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ യു.എസ് സ്വാഗതം ചെയ്തു. എന്നാൽ, അധികാരം ഒഴിയില്ലെന്ന നിലപാട് അസദ് ആവർത്തിച്ചു.
2016 ജനുവരി ഒന്നാകുമ്പോൾ സിറിയൻ ആഭ്യന്തര യുദ്ധം നാലര വർഷം പിന്നിടും. 2011 മാർച്ചിൽ ആരംഭിച്ച യുദ്ധത്തിൽ 250,000 പേർ കൊല്ലപ്പെട്ടു. ഏഴ് മില്യൺ പേർക്ക് സ്വന്തം വീടുകൾ നഷ്ടപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.