Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുദ്ധം ഗോതമ്പു...

യുദ്ധം ഗോതമ്പു പാടങ്ങള്‍ക്കുവേണ്ടി; സിറിയന്‍ജനത പട്ടിണിയില്‍

text_fields
bookmark_border
യുദ്ധം ഗോതമ്പു പാടങ്ങള്‍ക്കുവേണ്ടി; സിറിയന്‍ജനത പട്ടിണിയില്‍
cancel

ബൈറൂത്: 2012ന്‍െറ തുടക്കത്തിലാണ്, ഡമസ്കസിന് ഏതാനും മൈലുകള്‍ക്കകലെയുള്ള കിഴക്കന്‍ ഗൗഥ എന്ന കാര്‍ഷികഗ്രാമം വിമത
സൈന്യം (സ്വതന്ത്ര സിറിയന്‍ സേന) പിടിച്ചെടുത്തു. പ്രദേശത്തെ ഭക്ഷണവും വെള്ളവും വൈദ്യുതിയും പാചകവാതകവും മരുന്നുവിതരണവും റദ്ദാക്കിയായിരുന്നു ഭരണകൂടം പകരം വീട്ടിയത്. മേഖലയിലെ ജനങ്ങളെ പട്ടിണിക്കിടുകയായിരുന്നു സര്‍ക്കാറിന്‍െറ ലക്ഷ്യം. അത് വിജയിക്കുകയും ചെയ്തു.
റൊട്ടിയുടെയും അരിയുടെയും വില കുതിച്ചുയര്‍ന്നു. വിലകുറഞ്ഞ തരംതാണ ഭക്ഷണം കൊണ്ടായിരുന്നു ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്തിയത്. പൂഴ്ത്തിവെപ്പുകാര്‍ കരിഞ്ചന്തയിലൂടെ ധാന്യങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയെങ്കിലും വില താങ്ങാന്‍ ആളുകള്‍ക്ക് കഴിഞ്ഞില്ല. ഒമ്പതു മാസങ്ങള്‍ക്കുശേഷം വിമതസംഘം സര്‍ക്കാര്‍ അധീനമേഖലയായ അല്‍ മതാഹിനില്‍ ആക്രമണം നടത്തി. കിഴക്കന്‍ഗൗഥക്ക് തൊട്ടടുത്തായിരുന്നു ഈ നഗരം. അവിടത്തെ ധാന്യമില്ലുകള്‍ കൈവശപ്പെടുത്തുകയായിരുന്നു വിമതരുടെ ലക്ഷ്യം. പോരാട്ടം ഒന്നരദിവസം നീണ്ടു. പോരാട്ടത്തിന്‍െറ അവസാനം വിമതര്‍ വോക്കിടോക്കി വഴി മേഖലയില്‍ ഭാഗിക നിയന്ത്രണം ഏറ്റെടുത്തെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സന്ദേശമയച്ചു. സന്ദേശം ലഭിച്ചയുടന്‍ കിഴക്കന്‍ഗൗഥയില്‍നിന്ന് ആളുകള്‍ മില്ലിലേക്ക് കുതിച്ചത്തെി. ഗോതമ്പ് ശേഖരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മില്ലില്‍ സൂക്ഷിച്ചിരുന്ന ഗോതമ്പുപൊടികള്‍ വാരിയെടുത്ത് കൈയിലുണ്ടായിരുന്ന ചാക്കുകളില്‍ നിറക്കാന്‍ തുടങ്ങി. വിശപ്പകറ്റാന്‍ യുദ്ധത്തിനുവരെ ആ ജനത തയാറായിരുന്നു. റൊട്ടിയായിരുന്നു അവിടത്തെ പ്രധാന ഭക്ഷണം. പട്ടിണിയെ അതിജീവിക്കാന്‍ അവര്‍ക്കുകിട്ടുന്ന ഒന്നാന്തരം വിലകുറഞ്ഞ ഭക്ഷണമായിരുന്നു അത്. റൊട്ടിയുടെ പ്രാധാന്യത്തെക്കുറിച്ച് സിറിയന്‍സര്‍ക്കാറിനും വ്യക്തമായ ധാരണയുണ്ടായിരുന്നു.
പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ പിതാവ് ഹാഫിസ് അല്‍അസദിന് കാര്‍ഷികവൃത്തിയുടെ പ്രാധാന്യം നന്നായി അറിയാമായിരുന്നു. തന്‍െറ ഭരണകാലത്ത് കൃഷിയെ നന്നായി പ്രോത്സാഹിപ്പിച്ചു. വര്‍ഷങ്ങള്‍ പിന്നിടവെ പിതാവിന്‍െറയും പുത്രന്‍െറയും അധീനതയില്‍  കൃഷിഭൂമികളുടെ എണ്ണം വര്‍ധിച്ചു.  അവരുടെ കാലത്ത് ശാസ്ത്രജ്ഞര്‍ അത്യുല്‍പാദനം തരുന്ന പുതിയ വിത്തുകള്‍ വികസിപ്പിച്ചെടുക്കാനുളള പരീക്ഷണങ്ങളില്‍ മുഴുകി. അതത്തേുടര്‍ന്ന് സിറിയയിലെ ഗോതമ്പുപാടങ്ങള്‍ കരുത്തോടെ കതിരണിഞ്ഞു. ഇന്നും സര്‍ക്കാര്‍ അധീനമേഖലയിലെ കര്‍ഷകര്‍ പാടങ്ങളില്‍ വിത്തുവിതക്കുന്നുണ്ട്. സര്‍ക്കാറില്‍നിന്ന് വിത്തുകളും വളങ്ങളും വെള്ളവും വാങ്ങിയാണ് കൃഷി നടത്തുന്നത്.
രണ്ടു ദശകക്കാലം ഗോതമ്പിന്‍െറ പ്രധാന ഉല്‍പാദനകേന്ദ്രമായിരുന്നു സിറിയ. ഗോതമ്പ് ഇറക്കുമതി എന്നൊന്നിനെ കുറിച്ച് അന്നൊന്നും അവര്‍ കേട്ടിട്ടുണ്ടാവില്ല. ഏതാണ്ട് 30 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പുശേഖരം സര്‍ക്കാറിന്‍െറ കൈവശമുണ്ടായിരുന്നു. അന്നൊന്നും യുദ്ധം ആരുടെയും ഭാവനയില്‍പോലുമുണ്ടായിരുന്നില്ല. ക്രമേണ കൃഷി നശിച്ചുതുടങ്ങി. 2006ലുണ്ടായ വരള്‍ച്ചയായിരുന്നു അതിന്‍െറ പ്രധാന കാരണം. നാലുവര്‍ഷം നീണ്ട വരള്‍ച്ചയെ തുടര്‍ന്ന് സിറിയയിലെ 60 ശതമാനം കൃഷിഭൂമികള്‍ തരിശായി. രാജ്യത്തെ ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു. തല്‍ഫലമായി 15 ലക്ഷം കര്‍ഷകരുടെ കൃഷിഭൂമി അന്യാധീനപ്പെട്ടു. അവര്‍ തരിശുഭൂമി വിട്ട് അലെപ്പോയിലെയും ദര്‍അയിലെയും ഉള്‍പ്രദേശങ്ങളിലേക്ക് കുടിയേറി. രാജ്യത്തെ തൊഴിലില്ലാനിരക്ക് ഗണ്യമായി വര്‍ധിച്ചു. 2010 ആവുമ്പോഴേക്കും രാജ്യത്തെ നല്ളൊരുവിഭാഗവും പട്ടിണിയിലായിക്കഴിഞ്ഞിരുന്നു.
 രാജ്യത്തെ ഗോതമ്പ് ഉല്‍പാദനത്തിന്‍െറ മൂന്നിലൊന്നുഭാഗവും ഇപ്പോള്‍ സര്‍ക്കാറിന്‍െറ നിയന്ത്രണത്തില്‍നിന്ന് നഷ്ടപ്പെട്ടുകഴിഞ്ഞു. അതില്‍ കൂടുതല്‍ഭാഗവും ഇപ്പോള്‍ ഐ.എസിന്‍െറ കൈവശമാണ്. ഗോതമ്പും എണ്ണയും എളുപ്പത്തില്‍ കടത്തിക്കൊണ്ടുപോകാന്‍ കഴിയുമെന്നതാണ് അതിന് അവരെ പ്രേരിപ്പിച്ചത്. സിറിയയില്‍നിന്ന് കടത്തുന്ന ഗോതമ്പ് ഐ.എസ് ഇറാഖിന് വില്‍ക്കുന്നു, തുര്‍ക്കിയിലെ വ്യാപാരികള്‍ക്ക് കൈമാറുന്നു. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്‍െറ കണക്കനുസരിച്ച് സിറിയയില്‍ പകുതിയിലേറെ ജനതയും ഭക്ഷ്യക്ഷാമം നേരിടുകയാണ്. ദൈനംദിന ചെലവുകള്‍ക്കായുള്ള ഭക്ഷണംപോലും അവര്‍ക്ക് ലഭിക്കുന്നില്ല.
2011ല്‍ രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിയപ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി. സര്‍ക്കാര്‍ അധീനതയിലുള്ള മില്ലുകളും ഫാക്ടറികളും കാര്‍ഷികമേഖലകളും പിടിച്ചെടുക്കാന്‍ വിമതസംഘം ശ്രമംതുടങ്ങി. അതേസമയം, കൈയേറിയ ഭൂമികളില്‍ കൃഷിചെയ്യുന്നതിനെ കുറിച്ച് വിമതര്‍ക്ക് ധാരണയുണ്ടായിരുന്നില്ല. ക്രമേണ സര്‍ക്കാറുമായി ധാരണയിലത്തൊന്‍ അവര്‍ നിര്‍ബന്ധിതരായി. വൈകാതെ, വിമതരുടെ അധീനതയിലുള്ള മേഖലകളില്‍ കര്‍ഷകര്‍ പാട്ടത്തിന് കൃഷി തുടങ്ങി.
വടക്കുകിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ ഗോതമ്പുപാടങ്ങളുള്ളത്. യുദ്ധം തുടങ്ങിയതോടെ ധാന്യം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ബേക്കറികളില്‍ ആവശ്യത്തിന് ധാന്യമില്ലാതെവന്നതോടെ റൊട്ടിനിര്‍മാണം മുടങ്ങാന്‍തുടങ്ങി. ഈവര്‍ഷം ഗോതമ്പുപാടങ്ങളില്‍നിന്ന് ലഭിച്ചത് 1960നുശേഷം ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിളവാണ്. 2012ല്‍ റഖ സര്‍ക്കാര്‍ പിടിച്ചെടുത്തെങ്കിലും മേഖലയിലെ പാടങ്ങള്‍ വിമതരുടെ കൈയിലായിരുന്നു. കൃഷി മുടങ്ങിയതോടെ രാജ്യത്ത് വീണ്ടും ക്ഷാമംനേരിട്ടു. അക്കാലത്ത് രാവിലെ റൊട്ടി നിര്‍മിക്കുന്ന ബേക്കറി തുറക്കുമ്പോഴേക്കും നൂറുകണക്കിനുപേരുടെ നീണ്ടനിര അതിനു മുന്നില്‍ രൂപപ്പെട്ടിട്ടുണ്ടാവും.
2013ല്‍ ഐ.എസ് റഖ പിടിച്ചെടുത്തതോടെ റൊട്ടി നിര്‍മിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അതോടെ, ജനങ്ങള്‍ വീണ്ടും റൊട്ടി വാങ്ങിത്തുടങ്ങി. ഈവര്‍ഷം ഐ.എസ് തന്നെ അവരില്‍നിന്ന് നേരിട്ട് ശേഖരിക്കാന്‍ തുടങ്ങി.
ഗോതമ്പുപാടങ്ങള്‍ സ്വന്തമാക്കിയാല്‍ രാജ്യം മുഴുവന്‍ നിയന്ത്രണത്തിലായി എന്നാണര്‍ഥമെന്ന് ഡമസ്കസിലെ നിരീക്ഷകരിലൊരാള്‍ പറഞ്ഞു. അതിനാല്‍തന്നെ സര്‍ക്കാറും വിമതരും സായുധസംഘങ്ങളും പോരാട്ടം തുടരുന്നത് മണ്ണിനുവേണ്ടി മാത്രമല്ല, ധാന്യവിളകള്‍ സ്വന്തമാക്കാനുംകൂടിയാണ്.

കടപ്പാട്: വാഷിങ്ടണ്‍ പോസ്റ്റ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriaLebanon
Next Story