15 ശതമാനം നിയന്ത്രണമേഖലകളും നഷ്ടപ്പെട്ടു; ഐ.എസ് ചുരുങ്ങുന്നു
text_fieldsബഗ്ദാദ്: ഇറാഖിലെയും സിറിയയിലെയും തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുത്ത് ‘ഖിലാഫത്ത്’ പ്രഖ്യാപിച്ച ഐ.എസിന് (ഇസ്ലാമിക് സ്റ്റേറ്റ്) വര്‍ഷാവസാനത്തില്‍ കനത്ത തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലയുടെ 15 ശതമാനവും ഐ.എസിന് ഈ വര്‍ഷം നഷ്ടപ്പെട്ടുവെന്ന് ഐ.എച്ച്.എസ് ജെയ്ന്‍ എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖിലെ ഏറ്റവും വലിയ പ്രവിശ്യയായ അന്‍ബാറിന്‍െറ തലസ്ഥാനമായ റമാദി ഐ.എസില്‍നിന്ന് ഇറാഖി സേന തിരിച്ചുപിടിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് റിപ്പോര്‍ട്ട്.
2014 സെപ്റ്റംബറില്‍ ഐ.എസ് പിടിച്ചെടുത്ത ഇറാഖിലെ ബെയ്ജി, സദ്ദാം ഹുസൈന്‍െറ ജന്മനഗരമായ തിക്രീത്ത്, തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ പട്ടണമായ തല്‍ അബ്യദ് തുടങ്ങിയ തന്ത്രപ്രധാന മേഖലകള്‍ ഈ വര്‍ഷം ഐ.എസിന് നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിറിയയിലെ റഖയും ഇറാഖിലെ മൂസിലും അതത് സര്‍ക്കാറുകള്‍ ഭാഗികമായി പിടിച്ചെടുത്തതും ഐ.എസിന് തിരിച്ചടിയായിട്ടുണ്ട്.
തെല്‍ അബ്യദ് പോലുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ ഐ.എസിന് നഷ്ടപ്പെട്ടത് സംഘടനയുടെ സാമ്പത്തിക സ്രോതസ്സുകളെ കാര്യമായി ബാധിച്ചു. ഇതിനുപുറമെ, അമേരിക്കയും റഷ്യയുമടങ്ങുന്ന രാഷ്ട്രങ്ങള്‍ നടത്തുന്ന ശക്തമായ വ്യോമാക്രമണവും ഐ.എസിന്‍െറ സൈനിക നീക്കങ്ങളെ പ്രതിരോധത്തിലാക്കിയെന്നും ജെയ്ന്‍ വിലയിരുത്തുന്നു.
ഐ.എസ് ചുരുങ്ങിയെങ്കിലും 2015ല്‍ നിര്‍ണായകമായ പല നേട്ടങ്ങളും ഇവര്‍ക്ക് ലഭിക്കുകയും ചെയ്തു. സിറിയയിലെ പൗരാണിക നഗരമായ പല്‍മീറ പിടിച്ചെടുത്തതാണ് ഇതിലൊന്ന്. ഡമസ്കസിലേക്കുള്ള സൈനികനീക്കം ഇതുവഴി ഐ.എസിന് എളുപ്പമാകുമെന്നും കരുതുന്നു. ഐ.എസിനുണ്ടാകുന്ന തിരിച്ചടി മേഖലയിലെ കുര്‍ദ് സൈന്യത്തിനാണ് നേട്ടമാകുന്നതെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഐ.എസിനെതിരെ യു.എസ് വ്യോമാക്രമണത്തിന്‍െറ അകമ്പടിയോടെ കരയുദ്ധം നയിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിലെ പ്രധാന കക്ഷികള്‍ കുര്‍ദ് സൈനികരാണ്.
അതിനിടെ, റമാദി രണ്ടോ മൂന്നോ ദിവസത്തിനകം ഐ.എസില്‍നിന്ന് തിരിച്ചുപിടിക്കുമെന്ന് ഇറാഖി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ മേയില്‍ ഐ.എസ് പിടിച്ചെടുത്ത മേഖലയാണിത്. ബഗ്ദാദില്‍നിന്ന് കേവലം 120 കിലോമീറ്റര്‍ അകലെയുള്ള റമാദിക്കായുള്ള പോരാട്ടം കഴിഞ്ഞ രണ്ടുദിവസമായി ശക്തമാണ്. കഴിഞ്ഞദിവസം 20ലധികം ഐ.എസ് തീവ്രവാദികള്‍ ഇവിടെ കൊല്ലപ്പെട്ടുവെന്നും 200ലധികം പേര്‍ മേഖലയില്‍നിന്ന് പിന്മാറിയെന്നും ഇറാഖ് ഭരണകൂടം അവകാശപ്പെട്ടു.
ഇറാഖി സൈന്യം നടത്തുന്ന കരയുദ്ധത്തിനു പുറമെ, ഇവിടെ യു.എസ് വ്യോമാക്രമണവും നടത്തുന്നുണ്ട്. റമാദിയില്‍ സൈന്യം മുന്നേറുന്നതായി അന്‍ബാര്‍ പ്രവിശ്യയില്‍നിന്നുള്ള എം.പി ജാബിര്‍ അല്‍ ജബേരിയും സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.