റമാദി നഗരം ഐ.എസിൽ നിന്ന് ഇറാഖ് സേന തിരിച്ചുപിടിച്ചു
text_fieldsബാഗ്ദാദ്: ഐ.എസ് തീവ്രവാദികളുടെ ശക്തികേന്ദ്രമായ റമാദി പട്ടണം ഇറാഖി സേന തിരിച്ചുപിടിച്ചു. ആഴ്ചകൾ നീണ്ട പോരാട്ടത്തിന് ശേഷമാണ് അൻബർ പ്രവിശ്യയിലെ റമാദി പട്ടണം സേന നിയന്ത്രണത്തിലാക്കിയത്. റമാദിയിലെ സർക്കാർ കോംപ്ലക്സ് ഇപ്പോൾ സമ്പൂർണമായും സേനയുടെ അധീനതയിലാണെന്ന് സൈനിക വക്താവ് സബാഹ് അൽ നുമാനി അറിയിച്ചു.
കഴിഞ്ഞ മെയ് മാസത്തിലാണ് സുന്നി സ്വാധീന മേഖലയായ റമാദി പട്ടണം ഐ.എസ് നിയന്ത്രണത്തിലായത്. സൈന്യത്തെ ഏറെ പ്രതിരോധത്തിലാക്കിക്കൊണ്ടായിരുന്നു ഐ.എസ് ഇവിടെ നിയന്ത്രണം സ്ഥാപിച്ചത്. ഏറ്റവും വലിയ നേട്ടമായാണ് റമാദി പട്ടണം പിടിച്ചടക്കിയതിനെ ഐ.എസ് കരുതിയത്. ബാഗ്ദാദിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് റമാദി.
അതേസമയം ഐ.എസും സൈന്യവും തമ്മിലുള്ള പോരാട്ടം ഇപ്പോഴും പ്രദേശത്ത് തുടരുകയാണ്. സൈന്യത്തിനെതിരെ ചാവേറാക്രമണം അടക്കമുള്ള നീക്കങ്ങളാണ് ഇപ്പോൾ ഐ.എസ് നടത്തുന്നത്. പട്ടണത്തിലെ എല്ലാ പ്രദേശത്തുനിന്നും തീവ്രവാദികളെ തുരത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൈനിക വക്താവ് അറിയിച്ചു.
അതിനിടെ, കിർക്കുക് പ്രവിശ്യയിലെ ഹാവിജ പട്ടണത്തിൽ കുർദുകളും ഐ.എസും തമ്മിൽ കനത്ത പോരാട്ടം നടന്നു. നിരവധി ഐ.എസ് തീവ്രവാദികളെ വധിച്ചുവെന്ന് കുർദ് സൈന്യം അവകാശപ്പെട്ടു. വെള്ളിയാഴ്ചയാണ് പോരാട്ടം നടന്നതെന്ന് കുർദിഷ് വാർത്താ ഏജൻസിയായ റുദാവ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.