ഇറാഖിലെ മുന്‍ ഉപപ്രധാനമന്ത്രി അഹ്മദ് ശലബി അന്തരിച്ചു
text_fieldsബഗ്ദാദ്: ഇറാഖില്‍ യു.എസ് അധിനിവേശത്തിനും സദ്ദാം ഹുസൈനെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതിനും ചുക്കാന്‍പിടിച്ച മുതിര്‍ന്ന രാഷ്ട്രീയനേതാവ് അഹ്മദ് അബ്ദുല്‍ ഹാദി ശലബി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതംമൂലം ബഗ്ദാദിലെ വസതിയിലായിരുന്നു അന്ത്യം.
സ്ഥിരോത്സാഹത്തിന്‍െറയും ആത്മാര്‍ഥതയുടെയും പര്യായമായ ശലബിയുടെ നിര്യാണം ഇറാഖ് രാഷ്ട്രീയത്തിന് വന്‍ നഷ്ടമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഷെയ്ഖ് ഹമം ഹമൗദി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ബഗ്ദാദിലെ സമ്പന്ന ശിയാകുടുംബത്തില്‍ 1944ലാണ് അദ്ദേഹം ജനിച്ചത്.
സദ്ദാം ഹുസൈന്‍െറ കാലത്ത് പ്രതിപക്ഷപാര്‍ട്ടി ഇറാഖി നാഷനല്‍ കോണ്‍ഗ്രസിന്‍െറ നേതാവായിരുന്നു ശലബി. സദ്ദാമിനെ പുറത്താക്കാന്‍ ശ്രമിച്ചവരില്‍ ശലബിയുടെ കൈകളുമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. 1956ല്‍ ഇറാഖ് വിട്ട അദ്ദേഹം ദീര്‍ഘകാലം ബ്രിട്ടനിലും യു.എസിലുമായിരുന്നു കഴിഞ്ഞത്. പിന്നീട് തിരിച്ചത്തെിയ ശലബി ഇറാഖി നാഷനല്‍ കോണ്‍ഗ്രസിന്‍െറ മുന്‍ നിരയിലേക്കുവന്നു. അമേരിക്കക്ക് ഇറാഖിന്‍െറ കൈവശം മാരകമായ രാസായുധങ്ങളുണ്ടെന്ന വിവരംനല്‍കിയത് ശലബിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ആ വിവരങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ ‘ഫാബ്രിക്കേറ്റര്‍’ എന്നാണ് വിശേഷിപ്പിച്ചത്. യു.എസ് പ്രസിഡന്‍റ് ജോര്‍ജ് ബുഷ് ഭരണകൂടവുമായി ഉന്നതബന്ധം പുലര്‍ത്തിയിരുന്ന ശലബി സദ്ദാമിനെ പുറത്താക്കിയാല്‍ രാജ്യം ഭരിക്കാമെന്ന് മോഹിച്ചിരുന്നു.
2005ലെ ഇറാഖിലെ ഇടക്കാല സര്‍ക്കാറില്‍ എണ്ണ മന്ത്രിയായും ഉപപ്രധാനമന്ത്രിയായതുമൊഴിച്ചാല്‍ രാഷ്ട്രീയജീവിതത്തില്‍ താന്‍ ആഗ്രഹിച്ച സ്ഥാനമാനങ്ങള്‍ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. സദ്ദാമിനെ പുറത്താക്കിയശേഷം ശലബിയെ പ്രധാനമന്ത്രിയാക്കാന്‍ നീക്കംനടന്നിരുന്നു. ലൈല ഒസൈറാന്‍ ആണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.