മാലദ്വീപ് വൈസ് പ്രസിഡന്‍റിനെ ഇംപീച് ചെയ്തു
text_fieldsലണ്ടന്‍: മാലദ്വീപില്‍ പ്രസിഡന്‍റ് അബ്ദുല്ല യമീന്‍ സഞ്ചരിച്ച് സ്പീഡ് ബോട്ട് ബോംബുവെച്ച് തകര്‍ത്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വൈസ് പ്രസിഡന്‍റ് അഹ്മദ് അദീബിനെ പാര്‍ലമെന്‍റ് ഇംപീച് ചെയ്തു. 340,000 ജനസംഖ്യയുള്ള രാജ്യത്ത് ബുധനാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെയാണ് ഇംപീച്മെന്‍റ് പ്രമേയം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നത്. 85 അംഗ സഭയില്‍ സന്നിഹിതരായ 61 പേരും അനുകൂലമായി വോട്ടുചെയ്തു. രാജ്യസുരക്ഷ പരിഗണിച്ചാണ് അടിയന്തരപ്രാധാന്യത്തോടെയുള്ള നീക്കമെന്നാണ് ഒൗദ്യോഗിക വിശദീകരണം. അതേസമയം, അദീബിന് സ്വന്തം വാദം അവതരിപ്പിക്കാന്‍ അവസരം നല്‍കിയോയെന്ന് വ്യക്തമല്ളെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് മുന്‍ വൈസ് പ്രസിഡന്‍റ് മുഹമ്മദ് ജമീലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി പ്രസിഡന്‍റ് പുറത്താക്കിയത്. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നായിരുന്നു കുറ്റം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് നശീദ് 2012ല്‍ സൈനിക അട്ടിമറിയില്‍ പുറത്തായശേഷം മാലദ്വീപില്‍ രാഷ്ട്രീയ അസ്ഥിരത തുടര്‍ക്കഥയാണ്. ഹജ്ജ് കഴിഞ്ഞ് മടങ്ങുന്നതിനിടെ സെപ്റ്റംബര്‍ 28ന് അബ്ദുല്ല യമീന്‍ സഞ്ചരിച്ച ബോട്ടില്‍ നടന്ന സ്ഫോടനമാണ് ഏറ്റവുമൊടുവിലെ നടപടിക്കുകാരണം. അപകടത്തില്‍ പ്രസിഡന്‍റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും പ്രഥമ വനിത നട്ടെല്ലിന് ക്ഷതമേറ്റ് ഇപ്പോഴും ആശുപത്രിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.