മ്യാന്മറില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി
text_fieldsയാംഗോന്‍: മ്യാന്മര്‍ രാഷ്ട്രീയചരിത്രത്തില്‍ ഏറെ നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. അരനൂറ്റാണ്ടായുള്ള പട്ടാളഭരണത്തിന് അന്ത്യംകുറിക്കാന്‍ മൂന്നുകോടി സമ്മതിദായകരാണ് പോളിങ് ബൂത്തിലത്തെിയത്. 25 വര്‍ഷത്തിനുശേഷം നടക്കുന്ന സുതാര്യവും നീതിപൂര്‍വവുമായ പൊതുതെരഞ്ഞെടുപ്പാണിത്. പട്ടാളത്തിന്‍െറ പിന്തുണയുള്ള ഭരണകക്ഷി യൂനിയന്‍ സോളിഡാരിറ്റി ഡെവലപ്മെന്‍റ് പാര്‍ട്ടി (യു.എസ്.ഡി.പി) അധികാരം നിലനിര്‍ത്തുമോ, അതോ പ്രതിപക്ഷനേതാവ് ഓങ്സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) അധികാരത്തിലത്തെുമോ എന്ന ആശങ്കക്ക് വിരാമമിടാന്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. 2011ല്‍ അധികാരത്തിലത്തെിയ തെയ്ന്‍ സൈന്‍ ആണ് സൂചിയുടെ മുഖ്യ എതിരാളി. രാജ്യത്തെ 13 ലക്ഷം വരുന്ന റോഹിങ്ക്യ മുസ്ലിംകള്‍ക്ക് വോട്ടില്ല.
പോളിങ് പൊതുവെ സമാധാനപരമായിരുന്നു. ഒരിടത്തും അനിഷ്ട സംഭവങ്ങളും അക്രമങ്ങളും റിപ്പാര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്‍െറ തിളക്കമാര്‍ന്ന ഭാവി നിര്‍ണയിക്കുന്ന ദിനമാണിതെന്ന് യാംഗോനിലെ വോട്ടര്‍ സൂചിപ്പിച്ചു. പ്രാദേശികസമയം ആറിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. പോളിങ് തുടങ്ങുംമുമ്പേ ആളുകള്‍ പോളിങ് സ്റ്റേഷനിലത്തെിയിരുന്നു. പലയിടത്തും ആളുകളുടെ നീണ്ടവരി കാണാമായിരുന്നു.
അനുയായികളോടൊപ്പം വോട്ട് ചെയ്യാന്‍ യാംഗോനിലത്തെിയ ഓങ്സാന്‍ സൂചിയുടെ ഫോട്ടോയെടുക്കാന്‍ റിപ്പോര്‍ട്ടര്‍മാരുടെ തള്ളിക്കയറ്റമായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് സൂചി മാധ്യമങ്ങളോട് പറഞ്ഞു.‘തെരഞ്ഞെടുപ്പോടെ രാജ്യത്ത് എല്ലാ കാര്യത്തിലും മാറ്റം വരും, പ്രത്യേകിച്ച് ദരിദ്രവിഭാഗങ്ങളുടെ കാര്യം’ അവര്‍ സൂചിപ്പിച്ചു. 1990ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ട്ടിക്കായിരുന്നു വിജയമെങ്കിലും പട്ടാളം ഭരിക്കാന്‍ അനുവദിച്ചില്ല. പിന്നീട് സൂചിയെ വീട്ടുതടങ്കലിലുമാക്കി. 15 വര്‍ഷത്തിനുശേഷം മോചിതയായ സൂചി മ്യാന്മറിന്‍െറ മാറ്റത്തിനായി പൊരുതാനുറച്ച് കളത്തിലിറങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ട്ടി മേല്‍ക്കൈ നേടുമെന്നാണ് പ്രതീക്ഷ.
2011ഓടെ പട്ടാളഭരണം അവസാനിപ്പിച്ച് അര്‍ധ സിവിലിയന്‍ സര്‍ക്കാര്‍ നിലവില്‍വന്നെങ്കിലും മ്യാന്മര്‍ രാഷ്ട്രീയത്തില്‍ പട്ടാളം ആധിപത്യം തുടരുകയാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ട്ടി വിട്ടുനില്‍ക്കുകയും ചെയ്തു. ഇത്തവണ അധികാരം കൈമാറാന്‍ ഒരുക്കമാണെന്ന ഉറപ്പിനെ തുടര്‍ന്നാണ് എന്‍.എല്‍.ഡി മത്സരരംഗത്തിറങ്ങിയത്.
91 വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് 6,000 പേരാണ് ഇത്തവണ മത്സരരംഗത്തുള്ളത്. അധോസഭയില്‍ 323ഉം ഉന്നതസഭയില്‍ 168ഉം സീറ്റുകളിലേക്കാണ് മത്സരം. സൂചിക്കും തെയ്ന്‍ സൈനും പുറമെ ഷ്വ മന്‍, മിന്‍ ഓങ് ഹ്ലൈങ് എന്നിവരാണ് പ്രധാന തസ്തിക ലക്ഷ്യംവെക്കുന്നവര്‍. ഭരണഘടന പ്രകാരം ഇരുസഭകളിലെയും 25 ശതമാനം സീറ്റുകളില്‍ നാമനിര്‍ദേശം നടത്താന്‍ പട്ടാളത്തിനാണ് അധികാരം. ഇതുപ്രകാരം അധോസഭയില്‍ 110ഉം ഉന്നതസഭയില്‍ 56ഉം സീറ്റുകളില്‍ പട്ടാള താല്‍പര്യം സംരക്ഷിക്കുന്നവര്‍ അധികാരത്തിലത്തെും. ഇതോടെ, സൂചിയുടെ കക്ഷിക്ക് അധികാരത്തിലത്തൊന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ 67 ശതമാനം സീറ്റുകള്‍ (ഇരുസഭകളിലുമായി 330) നേടാനാകണം. പട്ടാള മേധാവിത്തത്തോട് ആഭിമുഖ്യമുള്ള നിലവിലെ പ്രസിഡന്‍റ് തെയ്ന്‍ സെയ്ന് 33 ശതമാനം സീറ്റുകള്‍ നേടിയാല്‍മതി.
1962 മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്ന സൈനികഭരണം അവസാനിപ്പിക്കാന്‍ സുവര്‍ണാവസരമാണ് ഇത്തവണ മ്യാന്മര്‍ ജനതയെ കാത്തിരിക്കുന്നത്. 1990നുശേഷം എന്‍.എല്‍.ഡി ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അന്ന് വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചിരുന്നെങ്കിലും പട്ടാളം അധികാരം ഏറ്റെടുക്കുകയായിരുന്നു. 440 സീറ്റുകളുള്ള അധോസഭയും 224 അംഗ ഉന്നത സഭയുമുള്‍പ്പെടുന്ന പാര്‍ലമെന്‍റില്‍ 25 ശതമാനം സീറ്റ് സംവരണമുള്ളതിനാല്‍ വന്‍ ഭൂരിപക്ഷത്തോടെ ജയം സ്വന്തമാക്കാനായാല്‍ മാത്രമേ സൂചിക്ക് രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.