സിറിയയില്‍ നമ്മുടെ പൊയ്മുഖം
text_fieldsദിഐറിഷ് ടൈംസില്‍ പ്രത്യക്ഷപ്പെട്ട കാര്‍ട്ടൂണ്‍ അഭയാര്‍ഥിപ്രശ്നവുമായി ബന്ധപ്പെട്ട് അച്ചടിക്കപ്പെട്ട ഒന്നാന്തരം ഹാസ്യാവിഷ്കാരമായിരുന്നു. നികുതി വെട്ടിപ്പിനുവേണ്ടി സമ്പാദ്യങ്ങളത്രയും കടല്‍ താണ്ടി ദ്വീപിലത്തെിക്കുന്ന സമ്പന്നരെ ഒരു വശത്തും ആഭ്യന്തരയുദ്ധത്താല്‍ സര്‍വസ്വവും തകര്‍ന്ന് ബോട്ടില്‍ അഭയംതേടി അജ്ഞാത ദ്വീപിലത്തെുന്ന നിര്‍ധനരെ മറുവശത്തും നിര്‍ത്തി, നാം ഏതു പ്രശ്നത്തിന് അറുതിവരുത്താനാണ് ശ്രമിക്കേണ്ടത് എന്ന ചോദ്യം ഉന്നയിക്കുകയാണ് കാര്‍ട്ടൂണിസ്റ്റ്.
നിര്‍ധനരായ അഭയാര്‍ഥികളെ സഹായിക്കുന്നു എന്നാണ് യൂറോപ്യന്‍ യൂനിയന്‍െറ അവകാശവാദം. എന്നാല്‍, പാക്വംശജരായ അഭയാര്‍ഥികളെ അവര്‍ തിരിച്ചയക്കുന്നു. അവര്‍ യോഗ്യതാമാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലത്രെ. ടെലിവിഷന്‍ ചാനലുകളുടെ ദൃഷ്ടിപഥങ്ങളിലും അവര്‍ പ്രത്യക്ഷരായില്ല.
‘ഒരാള്‍ക്ക് പകരം ഒരാള്‍’ എന്ന പുതിയ അഭയാര്‍ഥി കൈമാറ്റ പദ്ധതിയിലാണ് യൂറോപ്യന്‍ യൂനിയന്‍ ഇപ്പോള്‍ സായുജ്യമടയുന്നത്. ഈ പദ്ധതിപ്രകാരം തുര്‍ക്കി അയക്കുന്ന ഓരോ അഭയാര്‍ഥിക്ക് പകരവും തുര്‍ക്കിവംശജരായ അഭയാര്‍ഥിയെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അങ്കാറക്കു കൈമാറിക്കൊണ്ടിരിക്കുന്നു. തികച്ചും വിചിത്രമായിരിക്കുന്നു ഈ നടപടി.
തുര്‍ക്കിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ നിമിത്തം നാടുവിട്ടവരെ അതേ മണ്ണിലേക്ക് നാം തിരിച്ചയക്കുന്നു- കുര്‍ദ് വിമതര്‍ മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ വരെ ഇവരിലുള്‍പ്പെടും. തിരിച്ചത്തെുന്നവരെ പൊന്നുപോലെ കാത്തുരക്ഷിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ അങ്കാറക്ക് സാധിക്കുമോ? അഭയാര്‍ഥികളെ നാം തരംതിരിക്കുന്നു. ഇഷ്ടപ്പെട്ടവരെ മാത്രം സ്വീകരിക്കുന്നു. ഇഷ്ടമില്ലാത്തവര്‍ക്ക് വീണ്ടും ദുരന്തങ്ങള്‍ സമ്മാനിക്കുന്നു. അഭയാര്‍ഥി പ്രതിസന്ധിക്ക് അടിസ്ഥാന കാരണമായ സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തെ നിസ്സംഗതയോടെ നോക്കിനില്‍ക്കുകയായിരുന്നു പാശ്ചാത്യ രാജ്യങ്ങള്‍.
അഭയാര്‍ഥിപ്രശ്നത്തില്‍പോലും യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്ന ‘ക്രോസിങ് ദ സീ വിത്ത് സിറിയന്‍ റെഫൂജീസ്’ എന്ന പുസ്തകം ഈയിടെ വായിക്കാന്‍ സാധിച്ചു. മനുഷ്യക്കടത്തുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കമീഷന്‍ നല്‍കാന്‍ ശേഷിയുള്ള അഭയാര്‍ഥികള്‍ക്കു മാത്രമേ ശരണം ലഭിക്കൂ എന്നാണ് പുസ്തകത്തിലെ പ്രധാന വെളിപ്പെടുത്തല്‍. സിറിയയിലെ കുരുതികള്‍ക്ക് അറുതിവരുത്താന്‍ യഥാസമയം ഇടപെടാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയാറായിരുന്നില്ല. ഈ നിഷ്ക്രിയതയുടെ ആഘാതമാണ് ആയിരക്കണക്കിന് അഭയാര്‍ഥികളെ കടലിലാഴ്ത്തിയത്. യൂറോപ്പിന്‍െറ കവാടങ്ങള്‍ ഇപ്പോള്‍ അഭയാര്‍ഥികള്‍ക്കു മുന്നില്‍ അടക്കപ്പെട്ടിരിക്കുന്നു. പഴയ അതേ ഉദ്യോഗസ്ഥര്‍ ഇപ്പോഴും മധ്യപൗരസ്ത്യനയം ചുട്ടെടുക്കുന്നു.
പാരിസ്-ബ്രസല്‍സ് സ്ഫോടനങ്ങളില്‍ യൂറോപ്പ് സംഭീതരായി. നിത്യവും ഓരോ പാരിസ്-ബ്രസല്‍സ് സ്ഫോടനങ്ങള്‍ വീതമാണ് സിറിയയില്‍ സംഭവിക്കുന്നത്. ‘ക്രോസിങ് ദി സീസ്’ രചിച്ച ജര്‍മന്‍ മാധ്യമപ്രവര്‍ത്തകന്‍ വോള്‍ഫ് ഗാങ്ങിന്‍െറ നിരീക്ഷണത്തില്‍ അതിശയിക്കാനില്ല: ‘സിറിയന്‍ ജനതയുടെ ക്ളേശങ്ങളില്‍ നമുക്ക് വേദനയില്ല. നാം വേദനിക്കുന്നത് നമ്മുടെ പ്രശ്നങ്ങളില്‍ മാത്രം.’ നമ്മുടെ പൊയ്മുഖങ്ങള്‍ ഇവിടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.