വിഷന്‍ 2030: സൗദിയില്‍ പരിഷ്കരണ പദ്ധതികള്‍ക്ക് അംഗീകാരം
text_fieldsറിയാദ്: സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ സമൂലം ഉടച്ചുവാര്‍ക്കുന്ന ദേശീയ പരിവര്‍ത്തന പദ്ധതി ‘വിഷന്‍ 2030’ ന്‍െറ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. സ്വദേശികളെയും രാജ്യത്ത് ജോലിചെയ്യുന്ന വിദേശികളെയും സ്പര്‍ശിക്കുന്ന പദ്ധതി, വരുന്ന 15 വര്‍ഷത്തേക്കുള്ള രാജ്യത്തിന്‍െറ ധനകാര്യ നയം കൂടിയാണ്. എണ്ണയുടെ ആശ്രിതത്വത്തില്‍നിന്ന് സമ്പദ്ഘടനയെ മോചിപ്പിക്കുന്നതാണ് പുതിയ നയം. വിദേശികള്‍ക്ക് ദീര്‍ഘകാല താമസാനുമതി നല്‍കുന്ന ഗ്രീന്‍കാര്‍ഡ് അഞ്ചുവര്‍ഷത്തിനകം നടപ്പാക്കുമെന്ന് പ്രഖ്യാപനങ്ങളില്‍ പറയുന്നു. വിവിധ രംഗങ്ങളിലെ സബ്സിഡി ഘടന പരിഷ്കരിച്ച് അര്‍ഹര്‍ക്ക് അത് പണമായി നല്‍കും. സബ്സിഡി പൂര്‍ണമായി പിന്‍വലിക്കാനാണ് ആലോചന. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ അഞ്ചുശതമാനം ഓഹരികള്‍ വില്‍ക്കാനും തീരുമാനമായി. രണ്ടാം കിരീടാവകാശിയും സാമ്പത്തികനയ പരിഷ്കരണ സമിതിയുടെ അധ്യക്ഷനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അവതരിപ്പിച്ച കരടിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. പദ്ധതി നടപ്പാക്കുന്നതിന് വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഇന്നലെതന്നെ നിര്‍ദേശം നല്‍കി.
സാമ്പത്തിക നയപരിഷ്കരണ സമിതി, പദ്ധതി നിര്‍വഹണത്തിന് മേല്‍നോട്ടം വഹിക്കും. രാജ്യത്തെയും രാജ്യവാസികളെയും പുരോഗതിയിലേക്ക് നയിക്കുന്ന ലോകത്തിനുതന്നെ മാതൃകയായ പരിഷ്കരണ പദ്ധതിയാണ് ആസൂത്രണം ചെയ്തതെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. ലക്ഷ്യപൂര്‍ത്തീകരണത്തിന് വേണ്ടി പൗരന്മാര്‍ ഒന്നടങ്കം സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം അല്‍അറബിയ്യ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പരിഷ്കരണ പദ്ധതികളുടെ വിശദാംശങ്ങള്‍ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തോടെ സൗദി ഓഹരി സൂചിക 1.8 ശതമാനം ഉയര്‍ന്നു. പ്രവാസികള്‍ രാജ്യത്തിന്‍െറ സാമ്പത്തിക ഘടനയുടെ അവിഭാജ്യഘടകമാണെന്ന് അമീര്‍ മുഹമ്മദ് പറഞ്ഞു. നിലവില്‍ രാജ്യത്തിന്‍െറ പ്രധാന വരുമാന സ്രോതസ്സായ എണ്ണ ഇല്ലാതെ ജീവിക്കാന്‍ സൗദി അറേബ്യക്ക് സാധിക്കണം. ഈ പദ്ധതികളുടെ അടിസ്ഥാനവും ഉദ്ദേശ്യവും തന്നെ അതാണ്. സബ്സിഡികളുടെ എഴുപത് ശതമാനവും ഉപയോഗിക്കുന്നത് ധനികരാണ്. ഇത് ധൂര്‍ത്തടിക്കുകയാണ് പലരും. രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സബ്സിഡി എടുത്തുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയും സൗദി സമ്പദ്ഘടനയുടെ ആണിക്കല്ലുമായ സൗദി അരാംകോയെ വിവിധോദ്ദേശ്യ വ്യവസായ സമുച്ചയമാക്കി മാറ്റും. എണ്ണ വിലയിടിവിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം സൗദിയുടെ ബജറ്റില്‍ 9800 കോടി ഡോളറിന്‍െറ കമ്മി നേരിട്ടിരുന്നു. ഈവര്‍ഷം ഇത് 8700 കോടി ഡോളര്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.