അലപ്പോയില്‍ 48 മണിക്കൂര്‍ വെടിനിര്‍ത്തലിന് തയാറെന്ന് റഷ്യ
text_fieldsമോസ്കോ: യുദ്ധക്കെടുതിയില്‍ ഉലയുന്ന സിറിയയിലെ അലപ്പോയില്‍ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി രണ്ടു ദിവസത്തെ വെടിനിര്‍ത്തലിന് തയാറെന്ന് റഷ്യ. ഉപരോധത്തിലുള്ള പ്രദേശത്ത് സഹായമത്തെിക്കാനുള്ള ഐക്യരാഷ്ട്ര സഭാ സംഘത്തിന്‍െറ ശ്രമത്തിനാണ് പ്രദേശത്ത് രൂക്ഷമായ വ്യോമാക്രമണം നടത്തുന്ന റഷ്യ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ആക്രമണത്തില്‍ മുഖത്ത് പരിക്കേറ്റ അഞ്ചു വയസ്സുകാരന്‍ ഇംറാന്‍െറ ചിത്രം മാധ്യമങ്ങളിലൂടെ ആഗോള ശ്രദ്ധനേടിയ പശ്ചാത്തലത്തിലാണ് റഷ്യ വെടിനിര്‍ത്തലിന് സന്നദ്ധമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
യു.എന്‍ പ്രതിനിധി സ്റ്റാഫണ്‍ ഡി മിസ്തുരയാണ് ആഴ്ചയില്‍ രണ്ട് ദിവസം വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ടത്. അലപ്പോയില്‍ വിമതരുടെ കൈവശമുള്ള കിഴക്കന്‍ പ്രദേശങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ പ്രദേശങ്ങളിലും സഹായമത്തെിക്കാനാണ് യു.എന്‍ പദ്ധതിയിടുന്നത്. ഐക്യരാഷ്ട്ര സഭാ നീക്കത്തെ പിന്തുണച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, സിറിയയില്‍ ഏറ്റുമുട്ടല്‍ തുടരുന്ന മറ്റു പ്രദേശങ്ങളില്‍ വെടിനിര്‍ത്തലിന് റഷ്യ സന്നദ്ധമായിട്ടില്ല.
റഷ്യ പിന്തുണക്കുന്ന ബശാര്‍ അല്‍ അസദിന്‍െറ കീഴിലുള്ള സൈന്യവും അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സഹായം ലഭിക്കുന്ന വിമതരും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കേണ്ടതുണ്ട്. വന്‍ ശക്തികളുടെ തീരുമാനം ഇവരെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.യുദ്ധത്തിന് മുമ്പ് സിറിയയിലെ ഏറ്റവും ജനസംഖ്യയുണ്ടായിരുന്ന അലപ്പോ ഇപ്പോള്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കയാണ്. ഇരു ഭാഗത്തുമായി ഇരുപത് ലക്ഷം ജനങ്ങള്‍ വെള്ളവും മരുന്നുമടക്കമുള്ള അവശ്യവസ്തുക്കള്‍ പോലും ലഭിക്കാതെ കഴിയുകയാണ്. യുദ്ധം കനത്തതോടെ നഗരത്തിലെ ജീവിതം നരകതുല്യമായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.