സിറിയയിലെ രാസായുധ പ്രയോഗം യു.എന്‍. സ്ഥിരീകരിച്ചു
text_fieldsന്യൂയോര്‍ക്: ഐക്യരാഷ്ട്ര സഭ പ്രമേയം ലംഘിച്ച് 2014നും 2015നുമിടയില്‍ സിറിയ രാസായുധപ്രയോഗം നടത്തിയതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. ഭീകരസംഘടനയായ ഐ.എസും ഇക്കാലയളവില്‍ രാസായുധ പ്രയോഗം നടത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയന്‍ സൈന്യം രണ്ട് ആക്രമണങ്ങളിലും ഐ.എസ്. ഒരു ആക്രമണത്തിലും വിഷവാതകം പ്രയോഗിച്ചതായാണ് ഐക്യരാഷ്ട്രസഭയും രാസായുധ പ്രയോഗം നിരോധിക്കുന്നതിനുള്ള സംഘടനയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഉറപ്പിച്ചത്. സിറിയയില്‍ രാസായുധപ്രയോഗം നടന്നതായി 130 പരാതികളാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ അന്വേഷണസംഘത്തിന് ലഭിച്ചത്.
അന്വേഷണ റിപ്പോര്‍ട്ട് യു.എന്‍ സുരക്ഷാസമിതി ആഗസ്റ്റ് 30ന് ചര്‍ച്ചചെയ്യും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ്. പ്രതിനിധി സാമന്ത പവര്‍ ആവശ്യപ്പെട്ടു. സിറിയ ഐക്യരാഷ്ട്രസഭ ചാര്‍ട്ടര്‍ ലംഘിച്ചിരിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. ഡമസ്കസിന്‍െറ പ്രാന്തപ്രദേശമായ ഊത്തയില്‍ 2013 ആഗസ്റ്റ് 21ന് രാസായുധ പ്രയോഗം നടത്തിയതായി ഐക്യരാഷ്ട്രസഭാ അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് സിറിയയില്‍ സൈനിക നടപടിക്ക് യു.എസ് സെനറ്റ് അംഗീകാരം നല്‍കിയിരുന്നു. രാസായുധശേഖരം നശിപ്പിക്കാമെന്ന റഷ്യയുടെ നിര്‍ദേശം സിറിയ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സൈനിക നടപടി ഒഴിവായത്.
എന്നാല്‍, ആഭ്യന്തരസംഘര്‍ഷത്തിന്‍െറ പിന്നീടുള്ള നാളുകളിലും രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സാമന്ത പവര്‍ പറഞ്ഞു. കൂട്ടനാശം വിതക്കുന്ന ഇത്തരം ആക്രമണരീതി സ്വീകരിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ഫ്രഞ്ച് പ്രതിനിധിയും സുരക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.