രാസായുധപ്രയോഗം സിറിയക്കെതിരെ ഉപരോധം വേണമെന്ന് ആവശ്യം
text_fieldsയുനൈറ്റഡ് നേഷന്‍സ്: സര്‍ക്കാര്‍ സേന രണ്ടുതവണ സിറിയയില്‍ രാസായുധപ്രയോഗം നടത്തിയതായി കണ്ടത്തെിയ സാഹചര്യത്തില്‍ കടുത്ത ഉപരോധം നടപ്പാക്കാന്‍ മുറവിളികള്‍ ഉയര്‍ന്നു. രാസായുധം ഉപയോഗിച്ചതായി യു.എന്‍ അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു.
അതേസമയം, യു.എന്‍ സംഘത്തിന്‍െറ തെളിവുകള്‍ സംശയാസ്പദമായതിനാല്‍ ഉപരോധ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തോട് യോജിപ്പില്ളെന്ന് റഷ്യ വ്യക്തമാക്കി. ഇതുസംബന്ധമായി ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ രക്ഷാസമിതിയിലെ റഷ്യന്‍ അംബാസഡര്‍ വൈനലി ചുര്‍കിന്‍ ആണ് നിലപാട് വിശദീകരിച്ചത്. ‘സിറിയയില്‍ ക്ളോറിന്‍ വാതകം പ്രയോഗിക്കപ്പെട്ടതായി തെളിവുലഭിച്ചിട്ടുണ്ട്. എന്നാല്‍, ഈ ആയുധങ്ങളില്‍ ആരുടെയും പേരും മുദ്രയും ഇല്ലാതിരിക്കെ ഒരു കക്ഷിക്കെതിരെമാത്രം ഉപരോധം പ്രഖ്യാപിക്കുന്നത് യുക്തിസഹമായിരിക്കില്ല -ചുര്‍കിന്‍ വ്യക്തമാക്കി. യു.എന്‍ സംഘം തയാറാക്കിയ റിപ്പോര്‍ട്ടിലും രാസായുധം പ്രയോഗിച്ചവരുടെ പേരുകള്‍ വ്യക്തമായി പരാമര്‍ശിക്കപ്പെടുന്നില്ല. അതിനാല്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടവ തന്നെയാണ് -ചുര്‍കിന്‍ രക്ഷാസമിതിയില്‍ വിശദീകരിച്ചു.
റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നായിരുന്നു സിറിയന്‍ പ്രതിനിധി ബശ്ശാര്‍ ജഅ്ഫരിയുടെ പ്രതികരണം. ഭീകരസംഘങ്ങള്‍ ഹാജരാക്കിയ സാക്ഷികളില്‍നിന്നാണ് യു.എന്‍ സംഘം വിവരങ്ങള്‍ ശേഖരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, അന്വേഷണ റിപ്പോര്‍ട്ടിനെ നാഴികക്കല്ല് എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രതിനിധി സാമന്ത പവര്‍ സിറിയക്കെതിരെ രക്ഷാസമിതി ഉടന്‍ പ്രമേയം പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു. സിറിയയില്‍ രാസായുധപ്രയോഗം നടക്കുന്ന കാര്യം നേരത്തേ അറിവുള്ളതാണെന്നും ഒരു നിഷ്പക്ഷ റിപ്പോര്‍ട്ട് ലഭ്യമാകുന്നത് ഇതാദ്യമാണെന്നും അവര്‍ പറഞ്ഞു.
രാസായുധ പ്രശ്നം ഉന്നയിച്ച് സിറിയയില്‍ സൈനികാക്രമണം നടത്താനുള്ള അമേരിക്കന്‍ നീക്കം 2013 സെപ്റ്റംബറില്‍ റഷ്യന്‍ ഇടപെടലിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. അന്നത്തെ കരാര്‍പ്രകാരം രാസായുധശേഖരം നിര്‍വീര്യമാക്കാന്‍ സിറിയ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.