വെടിനിര്‍ത്തലിന്‍റെ വഴിയിലേക്ക് സിറിയ; അര ലക്ഷം പേര്‍ പലായനത്തിന്‍റെ വക്കില്‍
text_fieldsആലപ്പോ: സിറിയയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതാ ചര്‍ച്ച തുടങ്ങാനിരിക്കെ ആലപ്പോ നഗരത്തില്‍ അര ലക്ഷത്തോളം പേര്‍ പലായനത്തിന്‍റെ വക്കില്‍. അഞ്ചു വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന സിറിയന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ധാരണക്കായി ജര്‍മനിയില്‍ ചര്‍ച്ച നടക്കാനിരിക്കുകയാണ്. റഷ്യ, യു.എസ്,സൗദി അറേബ്യ,ഇറാന്‍ എന്നീ രാജ്യങ്ങള്‍ ആണ് ഈ ചര്‍ച്ചയില്‍ സംബന്ധിക്കുക.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രൂക്ഷമായ വ്യോമാക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് നഗരം. ആക്രമണത്തില്‍ മേഖലയിലെ കുടിവെള്ള വിതരണം തകര്‍ന്നിട്ടുണ്ട്. ബുധനാഴ്ച മാത്രം 500പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ടവരില്‍ 89 പേര്‍ സിവിലിയന്‍മാരാണ്. ഇതില്‍ 23 പേര്‍ കുട്ടികളും 143പേര്‍ സര്‍ക്കാര്‍ അനുകൂല പോരാളികളും 274പേര്‍ വിമതരും വിദേശ പോരാളികളും ആണെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പുറത്തുവിട്ടു. സിറിയയുടെ പിന്തുണയോടെയാണ് വിമത സംഘത്തെ തുരത്തുന്നതിനായി റഷ്യ വ്യോമാക്രമണം നടത്തുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ ആണ് ആലപ്പോയുടെ വടക്കുഭാഗത്ത് റഷ്യ ആക്രമണം തുടങ്ങിയത്. ആലപ്പോ നഗരത്തിന്‍റെ ബഹുഭൂരിഭാഗവും റഷ്യന്‍ സേനയുടെ സഹായത്തോടെ ഇതിനകം വിമതരില്‍ നിന്ന് സിറിയ തിരിച്ചു പിടിച്ചു.
അതിനിടെ, മാര്‍ച്ച് ഒന്നു മുതല്‍ റഷ്യ വെടിനിര്‍ത്തലിനു തയ്യാറാണെന്ന് പേരു വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ദരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, യു.എന്നിലെ റഷ്യന്‍ അംബാസഡര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ഇതുവരെ ധാരണകള്‍ ഒന്നും ഉണ്ടായിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.