ഇറാനില്‍ കനത്ത പോളിങ്
text_fieldsതെഹ്റാന്‍: ഇറാന്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പില്‍ കനത്ത പോളിങ്ങെന്ന് സര്‍വെ ഫലം. നാലു വര്‍ഷം മുമ്പ് നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിക്കാനേക്കാള്‍ മികച്ച പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 2013ല്‍ നടന്ന പ്രസിഡന്‍റ് തെരെഞ്ഞെടുപ്പിനേക്കാള്‍ വോട്ടിങ് കുറഞ്ഞിട്ടുണ്ട്. വന്‍ശക്തി രാഷ്ട്രങ്ങളുമായുള്ള ആണവകരാറിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയില്‍ പരിഷ്കരണവാദിയായി അറിയപ്പെടുന്ന പ്രസിഡന്‍റ് റുഹാനിയുടെ ഭരണത്തിന്‍െറ വിധിയെഴുത്തായിട്ടാണ് ആഗോള മാധ്യമങ്ങള്‍ ഇതിനെ വിലയിരുത്തുന്നത്.
ഹസന്‍ റൂഹാനി ഭൂരിപക്ഷം നേടിയാല്‍ സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള അവസരമൊരുങ്ങുമെന്നാണ് പരിഷ്കരണവാദികളുടെ വാദം. ഇറാനെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറ്റാന്‍ ശ്രമം നടത്തിയ റൂഹാനിക്ക് വോട്ട് ചെയ്യണമെന്ന് മുന്‍ പ്രസിഡന്‍റ് അക്ബര്‍ ഹഷ്മി റഫ്സഞ്ചാനിയുടെ മകള്‍ ഫായിസയും ജനങ്ങളെ പറഞ്ഞിട്ടുണ്ട്. പാര്‍ലമെന്‍റില്‍ പാരമ്പര്യവാദികള്‍ ഭൂരിപക്ഷം നേടിയാല്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്നും അവര്‍ പറയുന്നു.
ഇറാനില്‍ നിലവിലുള്ള പാര്‍ലമെന്‍റില്‍ പാരമ്പര്യവാദികള്‍ക്കാണ് മേധാവിത്വം. പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇക്കാണ് തീരുമാനമെടുക്കാനുള്ള അധികാരം. 586 വനിതകളുള്‍പ്പെടെ 12,000 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ 49 ശതമാനം വനിതകളാണ്. 290 അംഗ പാര്‍ലമെന്‍റില്‍ 285 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബാക്കി അഞ്ച് സീറ്റ് വിവിധ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 196 മണ്ഡലങ്ങളില്‍നിന്നാണ് 285 സീറ്റിലേക്കുള്ള മത്സരം.
ചില മണ്ഡലങ്ങള്‍ ദ്വയാംഗ മണ്ഡലങ്ങളായിരിക്കും. ഇവിടെ 30 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുന്ന ആദ്യ രണ്ട് സ്ഥാനാര്‍ഥികള്‍ വിജയിക്കും. ഈ വോട്ട് ശതമാനം ആര്‍ക്കും മറികടക്കാനായില്ളെങ്കില്‍ വീണ്ടും തെരഞ്ഞടുപ്പ് നടക്കും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനു പുറമെ, വിദഗ്ധ സമിതി സഭയിലേക്കുള്ള തെരഞ്ഞെടുപ്പും വെള്ളിയാഴ്ച നടക്കും. ഇരു സഭയിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നത് ഇതാദ്യമായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.