മസ്ഊദ് അസ്ഹര്‍, ചോരക്കളിയിലെ നായകന്‍
text_fields
കറാച്ചി: റഷ്യക്കെതിരെ അഫ്ഗാനിസ്താനില്‍ യുദ്ധത്തിനുപോയി മുറിവേറ്റ് വന്നതാണ് മൗലാന മസ്ഊദ് അസ്ഹറിന്‍െറ ചോരക്കളിയുടെ തുടക്കം. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍െറ മുഖ്യകണ്ണിയായി പാകിസ്താനില്‍ പിടിയിലായ മസ്ഊദ് ഇന്ത്യക്ക് എന്നും തലവേദനയുണ്ടാക്കിയ തീവ്രവാദിയാണ്.
പാക് പഞ്ചാബിലെ ബഹാവല്‍പ്പുരില്‍ ധനിക കുടുംബത്തില്‍ ജനിച്ച മസ്ഊദ് അസ്ഹര്‍ ഹര്‍കത്തുല്‍ അന്‍സാര്‍ എന്ന സംഘടനയിലാണ് തുടക്കത്തില്‍ പ്രവര്‍ത്തിച്ചത്. അഫ്ഗാനിസ്താനിലെ യാവറില്‍ 40 ദിവസത്തെ പട്ടാള സമാനമായ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത ഇയാള്‍ പിന്നീട് മികച്ച പ്രഭാഷകനായും വളര്‍ന്നു. ഹര്‍കത്തുല്‍ അന്‍സാറിന്‍െറ ജനറല്‍ സെക്രട്ടറിയായ മസ്ഊദ് അസ്ഹര്‍ പിന്നീട് ആഫ്രിക്കയിലടക്കം പല രാജ്യങ്ങളും സന്ദര്‍ശിച്ച് തീവ്രവാദത്തിന് ആളെക്കൂട്ടി.
ഇതിനിടെ, ഹര്‍കത്തുല്‍ മുജാഹിദീനും പിറവിയെടുത്തിരുന്നു. മറ്റ് പല ഭീകരവാദികളെയും പോലെ മസ്ഊദ് ഇന്ത്യയിലത്തെിയത് കശ്മീരിലൂടെയായിരുന്നില്ല. 1994 ജനുവരിയില്‍ ധാക്കയില്‍നിന്ന് ആള്‍മാറാട്ടത്തിലൂടെ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ മസ്ഊദ് അന്തിയുറങ്ങിയത് അതീവ സുരക്ഷാമേഖലയായ അശോക ഹോട്ടലിലായിരുന്നു. തുടര്‍ന്ന് കശ്മീരിലേക്ക് പോയ മസ്ഊദിനെ ഫെബ്രുവരി പത്തിനാണ് ഹര്‍കത്ത് കമാന്‍ഡറായ സജ്ജാദ് അഫ്ഗാനിക്കൊപ്പം സുരക്ഷാസേന പിടികൂടിയത്. മസ്ഊദ് അസ്ഹറും കൂട്ടാളിയും പിടിയിലായതോടെ വിറച്ച ഹര്‍കത്ത് സംഘം ഇവരെ മോചിപ്പിക്കാന്‍ പല കുതന്ത്രങ്ങളും ആസൂത്രണം ചെയ്തിരുന്നു. 95ല്‍ പാശ്ചാത്യ ട്രക്കിങ് സംഘത്തെ തട്ടിക്കൊണ്ടുപോയി വിലപേശിയതും ഫലിച്ചില്ല. പാശ്ചാത്യസംഘത്തിലെ ഒരാളെ ഭീകരര്‍ കൊന്നപ്പോള്‍ ഒരാള്‍ രക്ഷപ്പെട്ടു. മറ്റുള്ളവരെ കാണാതാവുകയായിരുന്നു. ഇതിനിടെ, അഫ്ഗാനിയെ പൊലീസ് വെടിവെച്ചുകൊന്നിരുന്നു. ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ കൊന്നു എന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം.
1999ലെ ക്രിസ്മസ് തലേന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍െറ IC 814 വിമാനം തട്ടികൊണ്ടുപോയി വിലപേശിയാണ് മസ്ഊദ് അസ്ഹര്‍ എന്ന നേതാവിനെ മോചിപ്പിക്കാന്‍ ഹര്‍കത്തുല്‍ മുജാഹിദീന്‍ വഴികണ്ടത്. കാഠ്മണ്ഡുവില്‍നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തില്‍ 176 യാത്രക്കാരും 11 ജീവനക്കാരുമുണ്ടായിരുന്നു. അമൃത്സറിലും ലാഹോറിലും ദുബൈയിലും ഇറക്കിയ വിമാനം ഒടുവില്‍ താലിബാന് സ്വാധീനമുള്ള കാന്തഹാറിലേക്ക് പറപ്പിക്കാനായിരുന്നു റാഞ്ചികളുടെ ഉത്തരവ്. മസ്ഊദിന് പുറമേ മറ്റ് രണ്ടുപേരെക്കൂടി മോചിപ്പിക്കണമെന്ന ആവശ്യം അന്നത്തെ എന്‍.ഡി.എ സര്‍ക്കാര്‍ അംഗീകരിച്ചതോടെ 1999 ഡിസംബര്‍ 31ന് ബന്ദികളെ ഭീകരര്‍ മോചിപ്പിച്ചു. 2000ല്‍ ജയ്ശെ മുഹമ്മദ് എന്ന സംഘടനയുണ്ടാക്കിയ മസ്ഊദ് അസ്ഹര്‍ 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമിക്കുന്നതിലും മുഖ്യസൂത്രധാരനായി. ഇതിനിടെ, പാക് അധികൃതര്‍ മസ്ഊദിനെ പിടികൂടിയെങ്കിലും തെളിവില്ളെന്ന് പറഞ്ഞ് വെറുതെ വിടുകയായിരുന്നു. 2008ലെ മുംബൈ ആക്രമണത്തിലെ മുഖ്യ ആസൂത്രകനും മറ്റാരുമായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.