രണ്ടുവര്‍ഷത്തിനിടെ ഇറാഖില്‍ കുരുതിക്കിരയായത് 19000 സിവിലിയന്മാര്‍
text_fieldsബഗ്ദാദ്: രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന കടുത്ത സംഘട്ടനങ്ങള്‍ തകര്‍ത്ത ഇറാഖില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ19000ഓളം സിവിലിയന്മാര്‍ കൊല്ലപ്പെട്ടെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഇന്നലെ പ്രസിദ്ധീകരിച്ച യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം 2014 ജനുവരി ഒന്നിനും 2015 ഒക്ടോബര്‍ 31നും ഇടയില്‍ രാജ്യത്ത് 18802 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 36,245 ആളുകള്‍ക്ക് പരിക്കുപറ്റുകയും ചെയ്തിട്ടുണ്ട്. ഐ.എസ് ഭീകരര്‍ വെടിവെച്ചും തലവെട്ടിയും തീവെച്ചും കെട്ടിടത്തിന് മുകളില്‍നിന്ന് എറിഞ്ഞും കൊന്ന ആളുകളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ യസീദി ന്യൂന പക്ഷങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 3,500 ഓളം പേരെ ഐ.എസ് അടിമകളായി വെച്ചതായും യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു. സൈനികരും ശിയാ മിലീഷ്യകളും കുര്‍ദ് സേനയും സിവിലിയന്മാരെ വ്യാപകമായി തട്ടിക്കൊണ്ടുപോകുന്നത് തുടരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
രണ്ടു വര്‍ഷത്തിനിടെ രാജ്യത്തുനിന്ന് നാടുവിട്ടത് 32 ലക്ഷം പേരാണ്. പിറന്ന നാട്ടിലെ സാഹചര്യം തീര്‍ത്തും അപകടകരമായതോടെ യൂറോപ്പിലേക്കും മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കും അഭയാര്‍ഥികളുടെ ഒഴുക്ക് തുടരുകയാണ്. ഐക്യരാഷ്ട്ര സഭക്കു കീഴിലെ ഇറാഖ് മിഷനും മനുഷ്യാവകാശ ഹൈകമീഷനും സംയുക്തമായാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 2006-2007 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സിവിലിയന്‍ മരണങ്ങളുടെ തോത് വന്‍തോതില്‍ വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.