അധികാര കൈമാറ്റം: സൈനിക മേധാവിയുമായി സൂചി ചര്‍ച്ച നടത്തി
text_fieldsനായ്പിഡാവ്: മ്യാന്മറില്‍ കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 80 ശതമാനത്തിലേറെ വോട്ടുകള്‍ നേടി ചരിത്ര വിജയം കുറിച്ച നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) നേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഓങ്സാന്‍ സൂചിയും സൈനിക മേധാവി മിന്‍ ഓങ് ഹ്ലൈങ്ങും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തി. എന്‍.എല്‍.ഡിക്ക് മേധാവിത്വമുള്ള പുതിയ പാര്‍ലമെന്‍റിന്‍െറ ആദ്യ സെഷന്‍ അടുത്തയാഴ്ച ചേരാനിരിക്കെയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് പിന്തുണ തേടിയുള്ള കൂടിക്കാഴ്ച. അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച നടത്തിയെന്നും സൗഹൃദപരമായിരുന്നുവെന്നും സൈനിക മേധാവി പിന്നീട് ഫേസ്ബുക് പേജില്‍ കുറിച്ചു. ചര്‍ച്ച രണ്ടു മണിക്കൂര്‍ നീണ്ടു.
സ്വന്തം മക്കള്‍ക്ക് ബ്രിട്ടീഷ് പൗരത്വമുള്ളതിനാല്‍ നിലവിലെ നിയമ പ്രകാരം സൂചിക്ക് മ്യാന്മര്‍ പ്രസിഡന്‍റാകാനാകില്ല. ഇതു മറികടക്കാന്‍ പേരിന് പുതിയ പ്രസിഡന്‍റിനെവെച്ച് അധികാരം താന്‍തന്നെ നിയന്ത്രിക്കുമെന്ന് സൂചി വ്യക്തമാക്കിയിട്ടുണ്ട്. സൂചിയുടെ ഫിസിഷ്യനായിരുന്ന ടിന്‍ മിയോ വിന്‍ പ്രസിഡന്‍റായി നിയമിക്കപ്പെടുമെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല. സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹവും പങ്കെടുത്തതായി വാര്‍ത്തകളുണ്ട്. അതിനിടെ, സൈനിക ഭരണകൂടം കൂടുതല്‍ വകുപ്പുകള്‍ സ്വന്തം നിയന്ത്രണത്തിലാക്കുന്നത് തുടരുകയാണ്. ഏറ്റവുമൊടുവില്‍ കുടിയേറ്റ വിഭാഗമാണ് സൈനിക നിയന്ത്രിത ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാക്കിയത്. പുതിയ സര്‍ക്കാര്‍ നിലവില്‍വന്നാലും ആഭ്യന്തര വകുപ്പിന്‍െറ നിയന്ത്രണം സൈന്യത്തിനു തന്നെയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.