കാല്‍ നൂറ്റാണ്ടിനിടെ കൊല്ലപ്പെട്ടത് 25,000 മാധ്യമപ്രവര്‍ത്തകര്‍
text_fieldsബ്രസല്‍സ്: കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ 25,000 ഓളം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ലോകത്ത് നടക്കുന്ന യുദ്ധങ്ങള്‍, വിപ്ലവങ്ങള്‍, അഴിമതി, കുറ്റകൃത്യം തുടങ്ങിയവയിലാണ് ഇത്രയും മാധ്യമപ്രവര്‍ത്തകര്‍ ജീവന്‍ വെടിഞ്ഞത്. കൊലയാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതും കുറ്റകൃത്യങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഐ.എഫ്.ജെ യാണ് ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. അദ്യ വര്‍ഷങ്ങളില്‍ 40പേര്‍ ആയിരുന്നെങ്കില്‍ 2010മുതല്‍ 100ല്‍ കുറയാത്ത മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2006ല്‍ 155പേര്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ വളരെ അപകടം നിറഞ്ഞതായിരുന്നുവെന്നാണ് ഐ.എഫ്ജെ യുടെ ജനറല്‍ സെക്രട്ടറി അന്തോണി ബെല്ളെങ്കല്‍ ഒരു ഇന്‍റര്‍വ്യുവില്‍ പറഞ്ഞത്.
‘സുരക്ഷിത മാധ്യമപ്രവര്‍ത്തനത്തിന്‍റ 25 വര്‍ഷങ്ങള്‍’ എന്ന തലക്കെട്ടില്‍ ഐ.എഫ്.ജെ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് കുറ്റവാളികള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നതാണ് മാധ്യമപ്രവര്‍ത്തകരുടെ ജീവന് കൂടുതല്‍ ഭീഷണിയാകുന്നതെന്നാണ്. ഇത് തടയുന്നതിന് യു.എന്നിന്‍െറ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടാകുന്നില്ളെന്നതും സ്ഥിതി ഗുരുതരമാക്കുന്നു. ആകെ പത്ത് കേസുകളില്‍ മാത്രമാണ് അന്വേഷണം നടന്നിട്ടുള്ളത്. അതില്‍ തന്നെ ശിക്ഷ വിധിച്ചിട്ടുള്ളത് ഇതിലൂം കുറവാണെന്നതും ആക്രമണങ്ങളുടെ വര്‍ദ്ധനവിന് കാരണമാകുന്നു. ഐ.എഫ്.ജെയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 79 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. ‘സംഘര്‍ഷ മേഖലകളില്‍ മാധ്യമപ്രവര്‍ത്തകരുടെ മരണങ്ങള്‍’ എന്ന വിഷയത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ നടക്കുന്ന ചര്‍ച്ചയിലും ചൊവ്വാഴ്ച നടക്കുന്ന യുനെസ്കൊ മീറ്റിംങിലും ഐ.ഫ്.ജെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം പാരീസിലെ ആക്ഷേപ ഹാസ്യ മാസികയായ ഷാര്‍ലി ഹെബ്ദോയുടെ ഓഫീസിലെ ആക്രമണത്തില്‍ 12 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ 122 പേരാണ് മരിച്ചത്. 140 രാജ്യങ്ങളില്‍ നടത്തിയ അന്വേഷണങ്ങളെ ആധാരമാക്കിയാണ് റിപ്പോര്‍ട്ട്. പോലീസ് വൃത്തങ്ങളെയും രാഷ്ട്രീയ സംഭവങ്ങളെയുമൊക്കെ ഇതിനു മാനദണ്ഡമാക്കിയിട്ടുണ്ട്. മോചനദ്രവ്യം ലഭിക്കാത്തതിനാല്‍ തട്ടിക്കൊണ്ടു പോകുന്നവര്‍ മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും ചെയ്യുന്നു.
ഈ മാസം തന്നെ അഫ്ഗാനില്‍ മാധ്യമ പ്രവര്‍ത്തകരെ ഉന്നം വെച്ച് കാര്‍ബോംബ് സ്ഫോടനവും നടന്നിരുന്നു. അഫ്ഗാനിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനമായ ടോളോ ടീവിയുടെ ബസിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ ഏഴു പേരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ ജീവഹാനിയുണ്ടായ രാജ്യം ഇറാഖ് ആണ്. 309 പേരാണ് വ്യത്യസ്ത ആക്രമണങ്ങളില്‍ ഇവടെ കൊല്ലപ്പെട്ടത്. വിശേഷിച്ചും 2003 ലെ ആരംഭിച്ച അമേരിക്കന്‍ അധിനിവേശത്തിനു ശേഷമാണ് ഇറാഖ് ഇത്രയും അപകടം നിറഞ്ഞ രാജ്യമായി മാറിയത്. ഫിലീപ്പീന്‍സും മെക്സിക്കോയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. മെക്സിക്കോയില്‍ 120 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഫിലിപ്പീന്‍സില്‍ ജീവന്‍ ബലി കൊടുക്കേണ്ടി വന്നത് 146 പേര്‍ക്കാണ്. മെക്സിക്കോയില്‍ മയക്കു മരുന്നു സംഘങ്ങളുടെ അതിക്രമങ്ങള്‍ മൂലമാണ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്. മേല്‍ പറഞ്ഞ രണ്ടു രാഷ്ട്രങ്ങളിലും ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യങ്ങളേക്കാള്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെങ്കെിലൂം അനേകം
പേര്‍ അവിടെ കൊല്ലപ്പെടുന്നുണ്ടെന്ന് ഐ.എഫ്.ജെയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.