റഖായില്‍ സിറിയന്‍ സൈന്യത്തിന് മുന്നേറ്റം
text_fieldsഡമസ്കസ്: റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം ഐ.എസ് ശക്തികേന്ദ്രമായ റഖായില്‍ പ്രവേശിച്ചു. ഐ.എസ് സ്വയംഭരണം പ്രഖ്യാപിച്ച മേഖലകളില്‍ മൂന്നാംതവണയാണ് സൈന്യം തിരിച്ചടിക്കുന്നത്. റഖായിലേക്കുള്ള പ്രധാനപാത സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. ഐ.എസിന് ഏറ്റവും സ്വാധീനമുള്ള തബ്ഖ മേഖലയിലാണ് സൈന്യം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. റഖായിലേക്കുള്ള പ്രധാന പാത കടന്നുപോകുന്നത് ഈ നഗരത്തില്‍ കൂടിയാണ്. സിറിയക്ക് പുറത്തുള്ള രാജ്യങ്ങളില്‍ ആക്രമണം നടത്താനുള്ള പ്രധാനകേന്ദ്രമായി ഐ.എസ് തെരഞ്ഞെടുത്തിരിക്കുന്നതും ഈ നഗരം തന്നെ. റഖാക്ക് സമീപത്തെ കിഴക്കന്‍ സിറിയയിലെ ഹമാ പ്രവിശ്യയില്‍ റഷ്യ ശക്തമായ വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
വെള്ളിയാഴ്ച മുതല്‍ റഷ്യന്‍ പിന്തുണയോടെ മേഖലയില്‍ സര്‍ക്കാര്‍ സൈന്യവും ഐ.എസും തമ്മിലെ പോരാട്ടം രൂക്ഷമായി തുടരുകയാണെന്ന് നിരീക്ഷകസംഘങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ 26 ഐ.എസ് ഭീകരരും ഒമ്പത് സൈനികരും കൊല്ലപ്പെട്ടു. സാകിയ നഗരത്തിനടുത്ത് സൈനികര്‍ കൊലപ്പെടുത്തിയ ഐ.എസ് ഭീകരരുടെ ഗ്രാഫിക് ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 28 ഗ്രാമങ്ങള്‍ ഐ.എസില്‍നിന്ന് സൈന്യം തിരിച്ചുപിടിച്ചതായും യസീദി ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട നിരവധി സ്ത്രീകളെ മോചിപ്പിച്ചതായും മനുഷ്യാവകാശ സംഘങ്ങള്‍ പറയുന്നു.
ഈ മേഖലകളിലെ ഐ.എസിന്‍െറ ആയുധശാലകളും ഭൂഗര്‍ഭപാതകളുമുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ക്കുകയാണ് സൈന്യത്തിന്‍െറ ലക്ഷ്യം. 2013ലാണ് വിമതരില്‍നിന്ന് റഖാ ഐ.എസ് പിടിച്ചെടുത്തത്. പിന്നീട് ഐ.എസിന്‍െറ ആസ്ഥാനമായി പ്രഖ്യാപിക്കുകയായിരുന്നു. 2014ലാണ് ഇവിടെ സ്വയംഭരണം പ്രഖ്യാപിച്ചത്. ഏതാണ്ട് 30,000 സൈനികരെയാണ് ഇവിടെ വിന്യസിച്ചത്. റഖായില്‍ 3000നും 5000നുമിടെ ഐ.എസ് ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷം ശക്തമായ പോരാട്ടത്തിലൂടെ ഐ.എസില്‍നിന്ന് പല്‍മീറ തിരിച്ചുപിടിച്ചിരുന്നു.
വിമതര്‍ക്ക് അമേരിക്കയുടെ ആയുധ സഹായം
സിറിയയില്‍ ഐ.എസിനെതിരെ യുദ്ധം ചെയ്യാന്‍ വിമതര്‍ക്ക് അമേരിക്കയുടെ ആയുധ സഹായം. അലപ്പോ പ്രവിശ്യയിലെ വിമതര്‍ക്കാണ് യു.എസ് വിമാനങ്ങള്‍ വഴി ആയുധം എത്തിച്ചുകൊടുത്തത്. ഇക്കാര്യം അമേരിക്കന്‍ പ്രതിരോധവിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. അലപ്പോയിലെ വടക്കന്‍ മേഖലയായ മാരിയയിലാണ് അമേരിക്കന്‍ വിമാനങ്ങള്‍ വിമതര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുത്തത്. പടക്കോപ്പുകള്‍, യുദ്ധ ടാങ്കുകളെ നശിപ്പിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍, ലൈറ്റ് വെപ്പണ്‍സ് എന്നിവ വിമതര്‍ക്ക് ലഭിച്ചതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണസംഘം മേധാവി റമി അബ്ദില്‍ റഹ്മാന്‍ പറഞ്ഞു. കുര്‍ദുകളല്ലാത്ത വിമതര്‍ക്ക് ഈ തരത്തില്‍ ആയുധങ്ങള്‍ ലഭിക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കിയതായുള്ള വാര്‍ത്ത യു.എസ് പ്രതിരോധ വിഭാഗവും ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാല്‍, യുദ്ധ ടാങ്കുകളെ നശിപ്പിക്കാന്‍ കഴിയുന്ന ആയുധങ്ങളും ലൈറ്റ് വെപ്പണ്‍സും നല്‍കിയെന്ന റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മാരിയ മേഖലയില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിരുന്നു. എണ്ണായിരത്തോളം സിറിയക്കാര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് യു.എന്‍ റിപ്പോര്‍ട്ട്. സിറിയന്‍ യുദ്ധമുഖത്ത് സജീവമായി ഇടപെടാന്‍ റഷ്യ ഗൗരവമായി ആലോചിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യു.എസിന്‍െറ ആയുധ സഹായവും. മുമ്പും യു.എസ് സിറിയന്‍ വിമതരെ ആയുധം നല്‍കി സഹായിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.