ഇന്ത്യയുമായി ചര്‍ച്ചക്ക് വിമുഖതയില്ലെന്ന് പാകിസ്താന്‍
text_fieldsഇസ്ലാമാബാദ്: ഇന്ത്യയുമായി സമാധാന ചര്‍ച്ച തുടരാന്‍ പാകിസ്താന്‍ തയാറാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ദക്ഷിണേഷ്യയില്‍ സമാധാനം പുലരണമെങ്കില്‍ രാജ്യങ്ങള്‍ തമ്മില്‍ ഏകോപനം വേണമെന്നും അദ്ദേഹം പറഞ്ഞതായി ‘ഡോണ്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. ജിയോ ടി.വിയിലെ ‘ നയാ പാകിസ്താന്‍’ പരിപാടിക്കിടെയാണ് അസീസ് ഇങ്ങനെ പറഞ്ഞത്. പാകിസ്താനുമായി സൗഹൃദസംഭാഷണത്തിന് അവസരം സൃഷ്ടിക്കാനുള്ള സൗമനസ്യം ഇന്ത്യ ഒരിക്കലും കാണിച്ചിട്ടില്ല. ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിലുണ്ടായ തീവ്രവാദി ആക്രമണത്തെതുടര്‍ന്നാണ് ഈ ദിശയിലുണ്ടായ മുന്നേറ്റങ്ങള്‍ തടസ്സപ്പെട്ടതും തുടങ്ങാനിരുന്ന ചര്‍ച്ച മാറ്റിവെക്കപ്പെട്ടതും. ഡിസംബര്‍ ഒമ്പതിന് ചര്‍ച്ചതുടരാന്‍ ഇവിടെ തീരുമാനിക്കുകയും തുടര്‍ന്ന് പത്താന്‍കോട്ട് ആക്രമണമുണ്ടായി എല്ലാം ശൂന്യതയില്‍ ലയിച്ചൂവെന്നും പറയുന്നത് വിചിത്രമാണ്.
പാകിസ്താനുമായുള്ള ചര്‍ച്ചയുടെ വാതിലുകള്‍ പതിയെ അടഞ്ഞുവരുകയാണെന്നും തീവ്രവാദികളെ പാകിസ്താന്‍ നല്ലവരും ചീത്തയാളുകളുമായി തരംതിരിക്കുന്നുവെന്നുമുള്ള പ്രതിരോധമന്ത്രി മനോഹര്‍ പരീകറിന്‍െറ പ്രസ്താവനയെ പരാമര്‍ശിച്ചായിരുന്നു അസീസിന്‍െറ അഭിപ്രായപ്രകടനം. ‘തീവ്രവാദത്തിന് തടയിടുന്നതില്‍ നമ്മള്‍ മുന്നേറിയാല്‍മാത്രമേ ചര്‍ച്ചയുള്ളൂവെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍, നമ്മള്‍ അവരോട് പറയുന്നത് കശ്മീര്‍ അടക്കം എല്ലാ വിഷയങ്ങളും സംഭാഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ്’; അസീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.