ഇറാഖിലും സിറിയയിലും ഐ.എസിന് വന്‍ തിരിച്ചടി
text_fieldsഡമസ്കസ്/ബഗ്ദാദ്: ഇറാഖിലും സിറിയയിലും സായുധ സംഘമായ ഐ.എസിന് (ഇസ്ലാമിക് സ്റ്റേറ്റ്) കനത്ത തിരിച്ചടി. വടക്കന്‍ ഇറാഖിലെ ഫല്ലൂജയില്‍ അമേരിക്കന്‍ സൈന്യത്തിന്‍െറ പിന്തുണയോടെ ഇറാഖി സൈന്യം കാര്യമായി മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ട്. സിറിയയില്‍ നേരത്തേ ഐ.എസ് നിയന്ത്രണത്തിലാക്കിയിരുന്ന പല മേഖലകളും അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു.
സിറിയയില്‍ ഐ.എസിനെതിരെ യു.എസ് സഖ്യസേന കനത്ത വ്യോമാക്രമണം നടത്തുന്നുണ്ട്. ഇതിനുപുറമെ, പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്‍െറ സൈന്യത്തിന്‍െറ നീക്കങ്ങളെയും ഐ.എസിന് നേരിടണം. രണ്ട് ഭാഗങ്ങളില്‍നിന്നുള്ള സൈനികാക്രമണങ്ങള്‍ ഐ.എസിന് വലിയ ആള്‍നാശമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഫല്ലൂജ രണ്ടു ദിവസത്തിനകം തിരിച്ചുപിടിക്കുമെന്ന് ഇറാഖി സൈനിക മേധാവി അവകാശപ്പെട്ടു. കഴിഞ്ഞദിവസം നഗരം വളഞ്ഞ സൈന്യം തന്ത്രപ്രധാന സ്ഥലങ്ങളോട് ഏറെ അടുത്തുവെന്നാണ് വിവരം. അതേസമയം, ഇവിടെ 90,000ത്തോളം സിവിലിയന്മാര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി. ഫല്ലൂജയിലേക്ക് സൈന്യം കടന്നപ്പോള്‍തന്നെ ഇവിടെയുള്ള 18,000ത്തോളം പേര്‍ പലായനം ചെയ്തിരുന്നു. പലായനം ചെയ്യാന്‍ ശ്രമിച്ചവരെ ഐ.എസ് വെടിവെച്ചുകൊന്ന സംഭവവുമുണ്ടായി.
വടക്കന്‍ സിറിയയില്‍ ഇപ്പോഴും ഐ.എസിന്‍െറ നിയന്ത്രണത്തിലുള്ള മനബിജ് നഗരത്തില്‍ രണ്ടുദിവസമായി കനത്ത പോരാട്ടം നടക്കുകയാണ്. ഇവിടെ യു.എസ് വ്യോമാക്രമണത്തില്‍ 130 ഐ.എസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍റൈറ്റ്സ് അധികൃതര്‍ പറഞ്ഞു.
അതിനിടെ, സിറിയയില്‍ അമേരിക്ക നടത്തുന്ന ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ നിരവധി സിവിലിയന്മാരും കൊല്ലപ്പെട്ടു. മന്‍ബിജില്‍ കഴിഞ്ഞദിവസം 30 തദ്ദേശീയരാണ് വ്യോമാക്രമണത്തില്‍ മരിച്ചത്. വടക്കന്‍ സിറിയയിലെതന്നെ അലപ്പോയിലെ ആശുപത്രിക്കുനേരെയാണ് വ്യാഴാഴ്ച വ്യോമാക്രമണമുണ്ടായത്.
സംഭവത്തില്‍ കുട്ടികളടക്കം 20ലേറെ പേര്‍ കൊല്ലപ്പെട്ടു. രണ്ടു മാസത്തിനിടെ, സിറിയയിലെ 17 ആശുപത്രികള്‍ക്കുനേരെ യു.എസ് വ്യോമാക്രമണമുണ്ടായിട്ടുണ്ട്. ഇതില്‍ 200ലധികം സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.