ഫല്ലൂജയില്‍ പോരാട്ടം ശക്തം; 30,000 ഇറാഖികള്‍കൂടി പലായനം ചെയ്തു
text_fieldsബഗ്ദാദ്: വടക്കന്‍ ഇറാഖിലെ ഫല്ലൂജയില്‍ ഐ.എസും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കനക്കുന്നു. ഒരാഴ്ച പിന്നിട്ട പോരാട്ടത്തിനിടെ ഇറാഖി സൈനികരുടെയും അവരെ പിന്തുണക്കുന്ന പോപുലര്‍ മൊബിലൈസേഷന്‍ യൂനിറ്റിന്‍െറയും 300ലധികം അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. 500ലധികം ഐ.എസ് പോരാളികള്‍ കൊല്ലപ്പെട്ടുവെന്ന് ഇറാഖി സൈനികവൃത്തങ്ങള്‍ അവകാശപ്പെടുന്നു.
അതേസമയം, മേഖലയില്‍നിന്നുള്ള അഭയാര്‍ഥി പ്രവാഹം തുടരുകയാണ്. മൂന്നു ദിവസത്തിനിടെ ഇവിടെനിന്ന് 30,000ത്തിലധികം പേര്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. പോരാട്ടം ആരംഭിച്ചതിനുശേഷം, ഫല്ലൂജയില്‍നിന്ന് 35,000ത്തിലധികം സിവിലിയന്മാര്‍ രക്ഷപ്പെട്ടുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.
രക്ഷപ്പെടുന്നതിനിടെ, ഐ.എസ് ആക്രമണത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴും ഫല്ലൂജയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. പലരും ഭക്ഷണംപോലും ലഭിക്കാതെ നരകിക്കുന്നതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു.
ഇതിനകം, ഫല്ലൂജയുടെ തന്ത്രപ്രധാനമായ പലഭാഗങ്ങളും ഇറാഖി സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. ഈ നഗരത്തിന്‍െറ മോചനം ഏതാനും ദിവസങ്ങള്‍ക്കകമുണ്ടാകുമെന്നാണ് കരുതുന്നത്. 2014ല്‍, ഇറാഖില്‍ ഐ.എസ് പിടിച്ചെടുത്ത ആദ്യ നഗരങ്ങളിലൊന്നായിരുന്നു ഫല്ലൂജ. ഫല്ലൂജയുടെ മോചനത്തിനുശേഷം, മൂസിലാണ് ഇറാഖി സൈന്യത്തിന്‍െറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.