വന്ധ്യത ചികിത്സയില്‍ പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞര്‍
text_fieldsബെയ്ജിങ്: പുരുഷ വന്ധ്യത ചികിത്സയില്‍ പ്രതീക്ഷയേകുന്ന കണ്ടത്തെലുമായി ചൈനീസ് ശാസ്ത്രജ്ഞര്‍. ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഭ്രൂണങ്ങളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന മൂലകോശങ്ങള്‍ ഉപയോഗിച്ച് ബീജങ്ങളും തുടര്‍ന്ന് പ്രത്യുല്‍പാദനവും നടത്തിയിരിക്കുന്നത്. ചൈനയിലെ നാന്‍ജിങ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയിലെ ലാബോറട്ടറി ഓഫ് റിപ്രൊഡക്ടീവ് മെഡിസില്‍ ഡയറക്ടര്‍ ജയാഹൂ ഷയുടെ നേതൃത്വത്തിലാണ് കണ്ടത്തെല്‍ നടത്തിയത്.
ഭ്രൂണത്തില്‍നിന്ന് ലഭിക്കുന്ന മൂലകോശങ്ങള്‍ ഉപയോഗിച്ച് ലാബുകളില്‍ സൃഷ്ടിച്ചെടുക്കുന്ന ബീജം കൃത്രിമമായി എലികളിലെ അണ്ഡങ്ങളുമായി സംയോജിപ്പിച്ചാണ് ചുണ്ടെലികളെ സൃഷ്ടിച്ചത്. ഈ പ്രക്രിയയിലൂടെ ആരോഗ്യമുള്ള ചുണ്ടെലികള്‍ പിറന്നതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു.
നിലവില്‍ മനുഷ്യരില്‍ ഇതേ സാങ്കേതികത ഉപയോഗിച്ച് പ്രത്യുത്പാദനം നടത്താമെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഈരംഗത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. ലാബില്‍ സൃഷ്ടിക്കപ്പെടുന്ന ബീജങ്ങളുടെ ഗുണനിലവാരത്തില്‍ ജീനുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് തലമുറകളെതന്നെ ബാധിക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണിത്.
പുതിയ കണ്ടത്തെലിനെ ശാസ്ത്രലോകം സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും മനുഷ്യരില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുമ്പോഴുണ്ടാവുന്ന അപകട സാധ്യതകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവില്‍ ബ്രിട്ടനില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് നിരോധമുണ്ട്. എന്നാല്‍, ഭ്രൂണങ്ങളിലെ മൂലകോശങ്ങള്‍ക്ക് പകരം തൊലിയില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന മൂലകോശങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യം ബ്രിട്ടനില്‍ ഉയരുന്നുണ്ട്. 15 ശതമാനത്തോളം വന്ധ്യത കേസുകളില്‍ പുരുഷ ബീജവുമായി ബന്ധപ്പെട്ട കാരണങ്ങള്‍മൂലമാണ് പ്രത്യുത്പാദനം നടക്കാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.