അല്‍ജസീറ 500 തസ്തികകള്‍ വെട്ടിച്ചുരുക്കുന്നു
text_fieldsദോഹ: പ്രമുഖ അന്താരാഷ്ട്ര വാര്‍ത്താചാനലായ അല്‍ജസീറ നെറ്റ്വര്‍ക് തങ്ങളുടെ 500 തസ്തികകള്‍ ഇല്ലാതാക്കുന്നു. ദോഹയിലെ ചാനല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലെ തസ്തികകളാണ് പ്രധാനമായും വെട്ടിച്ചുരുക്കുക. തൊഴില്‍ശക്തി മെച്ചപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കമെന്ന് ഖത്തര്‍ സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള ചാനല്‍ അധികൃതര്‍ അറിയിച്ചു.
ഏകദേശം 60 ശതമാനത്തിലധികം തസ്തികകളാണ് ദോഹയിലെ ആസ്ഥാനത്ത് ഇല്ലാതാവുക. മാനേജ്മെന്‍റ് നടത്തിയ തൊഴില്‍ വിശകലനത്തിനുശേഷമാണ് തീരുമാനമെടുത്തത്. വിശകലനത്തിലൂടെ ലഭിച്ച ഫലത്തിന്‍െറ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്‍െറ തൊഴില്‍ശേഷി മെച്ചപ്പെടുത്താനാണ് തീരുമാനമെന്നും ഇതിലൂടെ തങ്ങളുടെ ഉന്നതനിലവാരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തോടുള്ള പ്രതിബദ്ധത വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചാനലിന്‍െറ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മുസ്തഫ സുവാഗ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ചാനലിന്‍െറ നിലവാരവും പ്രാപ്യതയും വര്‍ധിക്കാന്‍ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തസ്തിക വെട്ടിക്കുറക്കല്‍ അടുത്തയാഴ്ച തുടങ്ങുമെന്നാണ് സൂചന. നോണ്‍ എഡിറ്റോറിയല്‍ തസ്തികകളായിരിക്കും ആദ്യം റദ്ദാക്കുക. ഏപ്രില്‍ 30ഓടെ ചാനലിന്‍െറ അമേരിക്കന്‍ ശാഖയായ അല്‍ജസീറ അമേരിക്ക അടച്ചുപൂട്ടുമെന്ന വാര്‍ത്ത വന്ന് രണ്ടുമാസത്തിനുള്ളിലാണ് പുതിയ പ്രഖ്യാപനം. ഈ വര്‍ഷം തങ്ങളുടെ 20ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ചാനല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.