ഫാക്ടറികളില്‍ ഒടുങ്ങുന്ന സിറിയന്‍ ബാല്യം
text_fieldsഅങ്കാറ: ദക്ഷിണ തുര്‍ക്കിയിലെ നിറം മങ്ങിയ ഫാക്ടറിയിലെ തയ്യല്‍ മെഷീനു മുന്നില്‍ തിരക്കിട്ട പണിയിലാണ് 13 വയസ്സുകാരന്‍ ഹംസ. പ്രതിദിനം 12 മണിക്കൂര്‍ ആണ് ജോലിസമയം. ആഴ്ചയില്‍ ആറു ദിവസവും പണിയുണ്ട്. തുകല്‍കൊണ്ട് ഷൂ നിര്‍മിക്കുന്നതെങ്ങനെയെന്ന് അവനിപ്പോള്‍ കൃത്യമായറിയാം. ഒരുദിവസം 400ഓളം ഷൂ അവന്‍ നിര്‍മിക്കുമെന്ന് ഫാക്ടറി മാനേജര്‍ പറഞ്ഞു. ഇതില്‍ അതിശയോക്തി തോന്നാന്‍ ഒട്ടും വകയില്ല. കാരണം തുര്‍ക്കിയില്‍ രജിസ്റ്റര്‍ ചെയ്ത 27 ലക്ഷം സിറിയന്‍ അഭയാര്‍ഥികളില്‍ ഭൂരിഭാഗം കുട്ടികളും ഇപ്രകാരം തൊഴിലിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് യുനിസെഫ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. അതില്‍ 80 ശതമാനവും പള്ളിക്കൂടത്തിന്‍െറ പടിപോലും കണ്ടിട്ടില്ല. പള്ളിക്കൂടത്തില്‍ പോവാന്‍ സാഹചര്യമുള്ള കുട്ടികള്‍പോലും കുടുംബത്തെ സഹായിക്കാന്‍ അവിടം വിടുന്നു. പശ്ചിമേഷ്യയിലെ നൂറുകണക്കിന് നഗരങ്ങളില്‍ ഇതാണു സ്ഥിതി. ഒരു തലമുറയെ നമുക്ക ്നഷ്ടപ്പെട്ടു. അടുത്ത തലമുറയെ എങ്കിലും ഈ വിനാശത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കണമെന്ന് സിറിയന്‍ റിലീഫ് നെറ്റ്വര്‍ക്കിന്‍െറ മേധാവി കൈസുല്‍ ദൈറി പറഞ്ഞു. സിറിയയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്‍െറ ഉത്തമ ഉദാഹരണമാണ് ഹംസ. അവന്‍െറ പിതാവിനെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഐ.എസ് തലയറുത്തുകൊന്നു.
അതോടെയാണ് അവന്‍െറ കുടുംബം തുര്‍ക്കിയിലത്തെിയത്. അവിടെ അവന്‍െറ മാതാവ് കുറഞ്ഞ വേതനത്തിന് വീട്ടുവേല ചെയ്യുന്നു. പിതാവ് മരിച്ചതോടെ ഹംസയുടെ കുടുംബം ദുരിതത്തിലായി. അന്നുതൊട്ടിന്നോളം അവരുടെ തീന്‍മേശയില്‍ വിഭവങ്ങള്‍ നിരന്നില്ല. ഒരു നേരത്തെ വിശപ്പുമാറ്റാന്‍ അവനും ഇളയ സഹോദരങ്ങളായ താരീഖും ഹമൂദും ഷൂ നിര്‍മാണ ഫാക്ടറികളിലെ തൊഴിലാളികളായി. അവര്‍ നിര്‍മിക്കുന്ന ഷൂ വിറ്റ് ലാഭം കൊയ്യുന്ന ഫാക്ടറി ഉടമ തുച്ഛമായ വേതനമാണ് നല്‍കുന്നത്. ‘സ്കൂളില്‍ പോകാന്‍ അതിയായ ആഗ്രഹമുണ്ട്. എഴുത്തും വായനയും ഞങ്ങള്‍ക്ക് കൈമോശം വന്നു. എന്നാല്‍, സ്കൂളില്‍ പോവുകയാണെങ്കില്‍ വീട്ടിലേക്ക് ആരും ഭക്ഷണം എത്തിക്കില്ല.’ -ഹംസ പറയുന്നു. അതുതന്നെയാണ് താമസിക്കുന്ന ഒറ്റമുറി വീട്ടില്‍വെച്ച് മാതാവ് അവര്‍ക്ക് പറഞ്ഞുകൊടുത്തതും. തുര്‍ക്കിയില്‍ കഴിയുന്ന സിറിയക്കാര്‍ പ്രതിമാസം 120 നും 300നുമിടെ പൗണ്ട് സമ്പാദിക്കുന്നുണ്ട്. എന്നാല്‍, അവരുടെ ജീവിതച്ചെലവ് അതിനേക്കാള്‍ കൂടുതലാണെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു. അതുകൊണ്ട് പണം കടം വാങ്ങേണ്ടി വരുന്നു. അല്ളെങ്കില്‍ കുട്ടികളെ ജോലിക്കു വിടേണ്ടിവരുന്നു.
തുര്‍ക്കിയില്‍ ജോലിചെയ്യുന്നതിനുള്ള അവകാശമില്ലാത്തതിനാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് അവര്‍ക്ക് ലഭിക്കുന്ന വേതനവും താരതമ്യേന തുച്ഛമാണ്. തൊഴില്‍ അനുമതി ലഭിച്ചാല്‍ തുര്‍ക്കിക്കാര്‍ക്ക് കൊടുക്കുന്ന വേതനം നല്‍കേണ്ടി വരുമെന്നും അതൊരിക്കലും സംഭവിക്കില്ളെന്നും ഇസ്തംബുളിലെ കടയില്‍ ജോലി നോക്കുന്ന സക്കരിയ്യ പറഞ്ഞു.
പണം തികയാത്തതിനാലാണ് മൂത്ത മകനെ സക്കരിയ്യ ജോലിക്കു വിട്ടത്. സിറിയയിലായിരുന്നുവെങ്കില്‍ അവന് പഠിക്കാമായിരുന്നു. ഒരിക്കലും ജോലിക്കു വിടില്ലായിരുന്നു. പലപ്പോഴും കടയുടമ അവനെ മര്‍ദിക്കാറുണ്ട്. ഒരിക്കല്‍ അവനോട് റേഡിയോ ഓഫ് ചെയ്യാന്‍ പറഞ്ഞു. എങ്ങനെയാണെന്നറിയില്ളെന്ന് പറഞ്ഞപ്പോള്‍ കൈയില്‍ കിട്ടിയത് എടുത്തെറിഞ്ഞു. ഇതൊക്കെ സഹിക്കുകയല്ലാതെ പോംവഴിയില്ല -നിറകണ്ണുകളോടെ സക്കരിയ്യ പറഞ്ഞു. എന്നാല്‍, ഹംസയുടെ ഫാക്ടറിയില്‍ കൂലി കുറഞ്ഞാലും പീഡനമില്ളെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.