നാഗരികതയുടെ കളിത്തൊട്ടിലുകള്‍ വെടിയുണ്ടകളുടെ ചരിത്രമെഴുതുന്നു
text_fieldsസാംസ്കാരികപൈതൃകങ്ങളുടെ ഈറ്റില്ലമായിരുന്ന രണ്ടു രാജ്യങ്ങളില്‍ വെടിയുണ്ടകള്‍ ചരിത്രമെഴുതുന്ന കാലമാണിത്. ഒന്ന് മെസപ്പൊട്ടോമിയന്‍ നാഗരികതയുറങ്ങുന്ന ഇറാഖും മറ്റൊന്ന് സിറിയയും. സിറിയന്‍ തലസ്ഥാനമായ ഡമസ്കസിലെ ഖാന്‍ ഇഷീഹ് സൈന്യത്തിന്‍െറ ഉപരോധത്തിലാണ്. വിമതര്‍ക്കെതിരെ ബോംബുകള്‍കൊണ്ട് കണക്കുതീര്‍ക്കുന്ന സൈന്യത്തിന്‍െറ ഉപരോധത്തില്‍ 3000ത്തോളം കുട്ടികള്‍ ദുരിതമനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ബോംബേറില്‍ ഭാഗികമായി തകര്‍ന്ന ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിലാണ് ഈ നിരാലംബര്‍ കുടുങ്ങിക്കിടക്കുന്നത്. ആക്രമണത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ വെടിയേറ്റുപിടയുന്നതിന്‍െറ അനുഭവവും ഇവിടെനിന്ന് സന്നദ്ധസംഘടനകള്‍ രക്ഷപ്പെടുത്തിയ കുട്ടികള്‍ പങ്കുവെച്ചു. രാജ്യത്ത് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാണെന്ന് പറയുന്നതെങ്കിലും ഇത്തരം ഉപരോധഗ്രാമങ്ങളിലെ ആളുകള്‍ ജീവിക്കുന്നത് ഭീതിദമായ അവസ്ഥയിലാണെന്നു സേവ് ചില്‍ഡ്രന്‍ സിറിയ പദ്ധതിയുടെ വക്താവ് സോണിയ ഖുഷ് പറയുന്നു.
പൊട്ടിപ്പൊളിഞ്ഞ ക്യാമ്പില്‍ കഴിയുന്നവര്‍ ഭക്ഷണവും വെള്ളവും മരുന്നും ആവശ്യപ്പെട്ട് കേഴുകയാണ്. ദിവസങ്ങളായി അവിടെ അവശ്യസാധനങ്ങളുടെ വിതരണം നിലച്ചിരിക്കുകയാണ്. അഭയാര്‍ഥി ക്യാമ്പുകളിലേക്കുള്ള റോഡുകള്‍ അടച്ചിട്ടതിനാല്‍ പുറത്തുനിന്ന് സഹായമത്തെിക്കാനും സാധ്യമല്ല. നിലവില്‍ ജഫ്റ ഫൗണ്ടേഷനാണ് അഭയാര്‍ഥി ക്യാമ്പിലേക്ക് സഹായമത്തെിച്ചിരുന്നത്. വെള്ളിയാഴ്ചയും ഇവിടെ ബോംബാക്രമണം നടന്നു. വ്യാഴാഴ്ച അഞ്ചു ഹെലികോപ്ടറുകളിലായി 20 ബോംബുകളാണ് നഗരത്തിനുമേല്‍ വര്‍ഷിച്ചത്. നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളൂ.
1940 മുതല്‍ എത്തിയ 20,000ത്തിലേറെ ഫലസ്തീനികളുടെ അഭയകേന്ദ്രമാണ് ഈ നഗരം. പാടങ്ങളില്‍ പണിയെടുത്തും മറ്റുജോലികള്‍ ചെയ്തും അവര്‍ ഉപജീവനം കഴിക്കുന്നു. ഇത്രയുംപേരെ ചികിത്സിക്കാന്‍ ഒരു ഡോക്ടര്‍ മാത്രമേയുള്ളൂ. ആവശ്യത്തിന് മരുന്നുകളോ വൈദ്യുതിയോ ഇല്ല. ഡമസ്കസിലെതന്നെ യര്‍മൂക് അഭയാര്‍ഥി ക്യാമ്പിലെയും സ്ഥിതി ഇതുതന്നെയാണ്.
ഇറാഖിലെ മാനുഷികദുരിതം വിവരണാതീതമെന്ന് യു.എന്‍
ഇറാഖിലെ പടിഞ്ഞാറന്‍മേഖലയില്‍ 10 കോടി ജനങ്ങള്‍ നരകതുല്യ ജീവിതം നയിക്കുന്നതായി യു.എന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് ദിവസങ്ങളായില്ല. ഇവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഐ.എസിനെതിരായ യുദ്ധത്തില്‍ 34 ലക്ഷത്തിലേറെ പേരെയാണ് കുടിയിറക്കിയത്. പടിഞ്ഞാറന്‍ മേഖലയിലെ ഫലൂജ റമാദി നഗരങ്ങളിലാണ് കൂടുതല്‍പേര്‍ ദുരിതം പേറുന്നത്. ഓരോദിവസം കഴിയുംതോറും കാര്യങ്ങള്‍ വഷളാവുകയാണ്. ഭക്ഷണംപോയിട്ട് വെള്ളംപോലും കിട്ടാക്കനിയാവുന്ന അവസ്ഥയാണുള്ളതെന്ന് അന്‍ബാര്‍ പ്രവിശ്യയിലെ സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു.
നഗരത്തിലേക്കുള്ള എല്ലാ സഹായങ്ങളും ഐ.എസ് തടഞ്ഞുവെക്കുകയാണെന്ന് സന്നദ്ധപ്രവര്‍ത്തകന്‍ രജേഹ് ബറാകത് അല്‍ ഇസാവി പറഞ്ഞു. രണ്ടുവര്‍ഷം മുമ്പാണ് ഫലൂജ ഐ.എസിന്‍െറ ഉപരോധത്തിലായത്. ഏതാണ്ട് 50,000ത്തോളം ജനങ്ങള്‍ കൊടും പട്ടിണിയിലാണ്. ഓരോ ഇലയനക്കവും ഐ.എസിന്‍െറ നിരീക്ഷണത്തിലാണ്. അവരുടെ കണ്ണുവെട്ടിച്ച് ഇവിടെനിന്ന് ഒരാള്‍ക്കും രക്ഷപ്പെടാനാവില്ല. പട്ടിണി കിടന്നാണോ വെടിയുണ്ടയേറ്റാണോ മരിക്കേണ്ടത് എന്നതുമാത്രമാണ് അവര്‍ക്കു മുന്നിലുള്ള വഴികള്‍. ലോകം കണ്ടതില്‍വെച്ച് ഏറ്റവും ഭയാനകമാണ ്ഈ ദുരന്തമെന്നാണ് യു.എന്‍ വിശേഷിപ്പിക്കുന്നത്. കുടിയിറക്കപ്പെട്ട ദശലക്ഷങ്ങള്‍ വെള്ളവും വെളിച്ചവുമില്ലാത്ത മതിയായ ചികിത്സാസൗകര്യങ്ങളില്ലാത്ത ക്യാമ്പുകളിലാണ് ശിഷ്ടജീവിതം തള്ളിനീക്കുന്നതെന്ന് യു.എന്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ റമാദി ഐ.എസില്‍നിന്ന് സൈന്യം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍, നഗരം പൂര്‍വസ്ഥിതിയിലാക്കാന്‍ വര്‍ഷങ്ങളെടുക്കും. 3000ത്തോളം കെട്ടിടങ്ങളും 400 റോഡുകളുമാണ് തകര്‍ന്നടിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.