യു.എസ്-വിയറ്റ്നാം ബന്ധത്തില്‍ പുതിയ അധ്യായംആയുധ ഉപരോധം; നീക്കി
text_fieldsഹനോയ്: മൂന്നു പതിറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന ആയുധ ഉപരോധം പൂര്‍ണമായി പിന്‍വലിച്ച് വിയറ്റ്നാമുമായി അമേരിക്ക പുതിയ ബന്ധത്തിന് തുടക്കമിട്ടു. തിങ്കളാഴ്ച തലസ്ഥാനമായ ഹനോയിലത്തെിയ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ, വിയറ്റ്നാം പ്രസിഡന്‍റ് ട്രാന്‍ ദായ് ക്വാങ്ങുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് ഉപരോധം പൂര്‍ണമായും പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്. ശീതയുദ്ധത്തിന്‍െറ അവശേഷിക്കുന്ന നിഴല്‍പ്പാടുകളെയും എടുത്തുകളയുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മില്‍ വിശ്വാസ്യതയുടെയും സഹകരണത്തിന്‍െറയും പുതിയ പാത വെട്ടിത്തുറന്നുവെന്നും ഒബാമ പറഞ്ഞു. 2014ല്‍ ആയുധ ഉപരോധം അമേരിക്ക ഭാഗികമായി പിന്‍വലിച്ചിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനുശേഷം ഒബാമ ജപ്പാനിലേക്ക് തിരിക്കും.
കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമുമായി സൗഹൃദം സ്ഥാപിച്ച് പസഫിക് മേഖലയില്‍ ആധിപത്യം സ്ഥാപിക്കുകയും അതുവഴി ചൈനക്ക് ഭീഷണി ഉയര്‍ത്തുകയുമാണ് പുതിയ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണ ചൈന കടലിലെ പല ദ്വീപുകളുടെയും അവകാശത്തെച്ചൊല്ലി വിയറ്റ്നാമും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ, തര്‍ക്കദ്വീപില്‍ ചൈന സൈനിക കേന്ദ്രം സ്ഥാപിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. വലിയ എണ്ണ നിക്ഷേപമുണ്ടെന്ന് കരുതുന്ന ഇവിടെ ചൈനയുടെ ആധിപത്യത്തിന് തടയിടുന്നതിനായി ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പുപോലുള്ള (ടി.പി.പി) വ്യാപാര ഉടമ്പടിക്ക് അമേരിക്ക നേരത്തേ രൂപംനല്‍കിയിരുന്നു. ടി.പി.പിയിലെ പ്രധാന സഹകാരി വിയറ്റ്നാമാണ്. ഇപ്പോള്‍ ആയുധ ഉപരോധം നീക്കി ഈ ബന്ധം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക. ഇതിനുപുറമെ, അമേരിക്കയില്‍നിന്ന് 100 വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള മറ്റു കരാറുകള്‍ക്കും ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഉപരോധം പൂര്‍ണമായും നീക്കുന്നതിന് അമേരിക്ക ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചതായി സൂചനയുണ്ട്. വിയറ്റ്നാമിലെ മനുഷ്യാവകാശ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ നിലപാട് കൂടുതല്‍ സുതാര്യമാക്കണമെന്നാണ് യു.എസ് മുന്നോട്ടുവെച്ച പ്രധാന നിബന്ധന. 1954 മുതല്‍ ഏകകക്ഷി ഭരണം നിലനില്‍ക്കുന്ന കമ്യൂണിസ്റ്റ് വിയറ്റ്നാമില്‍ വലിയ രീതിയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അടുത്തിടെ, മലിനീകരണത്തിനെതിരെ പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകരെ ഭരണകൂടം അറസ്റ്റ് ചെയ്തത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സോഷ്യല്‍ മീഡിയക്ക് രാജ്യത്ത് കടുത്ത നിയന്ത്രണമാണുള്ളത്.1975ല്‍ വിയറ്റ്നാമില്‍ അമേരിക്കക്കേറ്റ തിരിച്ചടിക്കുശേഷം, ആ രാജ്യം സന്ദര്‍ശിക്കുന്ന മൂന്നാമത്തെ പ്രസിഡന്‍റാണ് ഒബാമ. ബില്‍ ക്ളിന്‍റണും ജോര്‍ജ് ബുഷുമാണ് ഇതിനു മുമ്പ് ഹനോയി സന്ദര്‍ശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.