ജി ഏഴ് ഉച്ചകോടിക്ക് തുടക്കം
text_fieldsടോക്യോ: ആഗോള സാമ്പത്തിക-സുരക്ഷാ പ്രശ്നങ്ങള്‍ അടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്ത് ജി-ഏഴ് രാജ്യങ്ങളുടെ ഉച്ചകോടി ജപ്പാനിലെ ഇസെ-ഷിമയില്‍ ആരംഭിച്ചു. ബ്രിട്ടണ്‍, കനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ് എന്നീ ഏഴു പ്രമുഖ വ്യാവസായിക രാഷ്ട്രങ്ങളുടെ മേധാവികളാണ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്. ആഗോള ഭീകരവാദം, സൈബര്‍ സുരക്ഷ, ദക്ഷിണ-പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളുടെ സമുദ്ര മേഖലകള്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തി സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ആണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടി പ്രധാനമായും ചര്‍ച്ചചെയ്യുന്നത്.
പസഫിക് മേഖലയില്‍ ചൈന നടത്തുന്ന അവകാശവാദങ്ങള്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കാന്‍ ഉച്ചകോടിയുടെ ആദ്യ ദിനം ജി- ഏഴ് നേതാക്കള്‍ തീരുമാനിച്ചു. ജപ്പാനുമായും മറ്റ് ദക്ഷിണ-പൂര്‍വേഷ്യന്‍ രാജ്യങ്ങളുമായും അതിര്‍ത്തി തര്‍ക്കങ്ങള്‍ ചൈന കടുപ്പിച്ച സാഹചര്യത്തിലാണ് ഈ ധാരണ. ദക്ഷിണ-പൂര്‍വ സമുദ്ര മേഖലകളിലെ നിലവിലെ സ്ഥിതിഗതികള്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ നേതൃത്വത്തില്‍ ചര്‍ച്ചചെയ്തതായും ഇക്കാര്യത്തില്‍ ചൈനക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കാന്‍ ജി-ഏഴ് നേതാക്കള്‍ ധാരണയില്‍ എത്തിയതായും ജപ്പാന്‍ ഡെപ്യൂട്ടി ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോഷിങ്കെ സിക്കോ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍, ഈ നീക്കം ചൈനയുടെ രൂക്ഷമായ എതിര്‍പ്പിന് കാരണമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദക്ഷിണ ചൈനാകടലില്‍ ജി- ഏഴ് രാജ്യങ്ങളുമായി ചേര്‍ന്ന് ചൈനക്ക് ഒന്നും തന്നെ ചെയ്യാനില്ളെന്നും ചിലരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി വിഷയം ഊതിപ്പെരുപ്പിക്കുന്നതിനെ തങ്ങള്‍ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്യങ് പ്രതികരിച്ചു.
അതിര്‍ത്തി പ്രശ്നങ്ങള്‍ക്കു പുറമെ, സ്വാതന്ത്ര്യം, മനുഷ്യാവകാശം, ജനാധിപത്യം, നിയമവ്യവസ്ഥ തുടങ്ങിവ സംബന്ധിച്ചും പശ്ചിമേഷ്യയില്‍ അടക്കം തീവ്രവാദത്തെ നേരിടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉച്ചകോടി ചര്‍ച്ചചെയ്യും.
പലവിധ കാരണങ്ങളാല്‍ അസ്ഥിരമായിക്കൊണ്ടിരിക്കുന്ന ആഗോള സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ ഉതകുന്ന നയങ്ങള്‍ക്കും ഉച്ചകോടി രൂപം നല്‍കിയേക്കും. അഭയാര്‍ഥികള്‍ക്ക് ആഗോള ധനസഹായം ലഭ്യമാക്കുന്നതിന് ജി-ഏഴ് രാജ്യങ്ങളോട് അഭ്യര്‍ഥിക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ടസ്ക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.